ന്യൂഡെൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
നിശ്‌ചിത താപനിലയിൽ വാക്‌സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന 29,000ത്തിലധികം കോൾഡ് ചെയിൻ പോയിന്റുകൾ രാജ്യത്തുണ്ടെന്ന് കേന്ദ്രം കോടതിയിൽ വ്യക്‌തമാക്കി. സത്യവാങ്മൂലത്തിലൂടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന കോവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്‌സിനുകൾ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. സ്‌പുട്‌നിക് വാക്‌സിൻ മൈനസ് 18 ഡിഗ്രിയിലാണ് സംഭരിക്കേണ്ടത്.
രാജ്യത്ത് 37 സംസ്‌ഥാന വാക്‌സിൻ സ്‌റ്റോറുകൾ, 114 പ്രാദേശിക വാക്‌സിൻ സ്‌റ്റോറുകൾ, 723 ജില്ലാ വാക്‌സിൻ സ്‌റ്റോറുകൾ, 28,268 ഉപജില്ലാ വാക്‌സിൻ സ്‌റ്റോറുകൾ എന്നിവയുണ്ട്. സാർവത്രിക രോഗ പ്രതിരോധ പദ്ധതിയുടെയും കോവിഡ് വാക്‌സിനേഷന്റെയും ആവശ്യകത അടിസ്‌ഥാനമാക്കി, സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണ്ടി കോൾഡ് ചെയിൻ ഉപകരണങ്ങൾ സർക്കാർ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ വിശദമാക്കുന്നു.
Read also: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം