ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്ക് നിഷേധിക്കാനാവില്ല; സുപ്രീം കോടതി

അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രായത്തിനനുസരിച്ചുള്ള ന്യായമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

By Senior Reporter, Malabar News
Supreme Court
Photo Courtesy: Live Law

ന്യൂഡെൽഹി: ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും ഓരോ വ്യക്‌തിക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം ആണെന്ന് സുപ്രീം കോടതി. കുട്ടികൾ ഉൾപ്പടെ ഓരോ വ്യക്‌തിക്കും ഈ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം പൂർണമായി നിഷേധിക്കുന്നത് യുക്‌തിരഹിതമാണെന്ന് വ്യക്‌തമാക്കിയ കോടതി, കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്‌പരവിരുദ്ധമല്ലെന്നും രണ്ടിനും അവർക്ക് അവകാശമുണ്ടെന്നും പറഞ്ഞു. ജസ്‌റ്റിസ്‌ ജെബി പർദിവാല, ജസ്‌റ്റിസ്‌ കെവി വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ അനുച്‌ഛേദം 21, അനുച്‌ഛേദം 19 (1)(എ) എന്നിവ പ്രകാരം ഇന്റർനെറ്റ് ലഭ്യതയും ഉപയോഗവും മൗലികാവകാശമാണെന്ന് വ്യക്‌തമാക്കാൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലും മറ്റു ഓൺലൈൻ സേവനങ്ങളിലും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും അടങ്ങിയ ഉള്ളടക്കങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള സംവിധാനമുള്ള ശക്‌തമാക്കിക്കൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.

കുട്ടികളുടെ ഇന്റ്റർനെറ്റ് ഉപയോഗത്തിന് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് പ്രായോഗികമായ പരിഹാരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടനിലക്കാരായ പ്ളാറ്റ്‌ഫോമുകൾ ദോഷകരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നതിന്റെ പേരിൽ മാറ്റിനിർത്തുന്നത് ഇരകളെത്തന്നെ ദോഷകരമായി ചിത്രീകരിക്കുന്നതിന് തുല്യമാണ്.

നിയമം മൂലം വിലക്കിയതുകൊണ്ട് കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കില്ലെന്നും പകരം കൂടുതൽ അപകടകരവും നിയന്ത്രണങ്ങളില്ലാത്തതുമായ മറ്റു വെബ്‌സൈറ്റുകളിലേക്ക് തിരിയാനുമാണ് സാധ്യതയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത്തരം വിലക്കുകൾ ഉള്ളപ്പോൾ സൈബർ ഭീഷണികൾ നേരിടേണ്ടി വരുന്ന കുട്ടികൾ രക്ഷിതാക്കളോട് വിവരങ്ങൾ തുറന്നുപറയാൻ മടിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

ഇന്റർനെറ്റ് വെറുമൊരു സാങ്കേതിക മാദ്ധ്യമമല്ല. മറിച്ച് ആശയങ്ങളുടെയും വിവരങ്ങളുടെയും സർഗാത്‌മകതയുടെയും ഇടമാണെന്ന് കോടതി വിലയിരുത്തി. പ്രത്യേകിച്ചും വിദൂര പ്രദേശങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് ഏക പഠന സ്രോതസ് പലപ്പോഴും ഇന്റർനെറ്റാണ്. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളെപ്പോലെത്തന്നെ മറ്റുള്ളവരുമായി സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്ന ഇടം കൂടിയാണിതെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രായത്തിനനുസരിച്ചുള്ള ന്യായമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ സമ്മതവും മേൽനോട്ടവും ഉറപ്പാക്കുന്ന സംവിധാനം ഏർപ്പെടുത്താവുന്നതാണ്.

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വതവേ പ്രൈവറ്റ് ആക്കുക, അപരിചിതരായ മുതിർന്നവരുമായുള്ള സന്ദേശ കൈമാറ്റങ്ങൾ നിയന്ത്രിക്കുക, അക്കൗണ്ടുകളിലേക്ക് എത്തുന്ന പരസ്യങ്ങളും ഉള്ളടക്കങ്ങളും കർശനമായി പരിശോധിക്കുക, അക്കൗണ്ടുകളിൽ ചൈൽഡ് മോഡ് ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

Most Read| റഷ്യൻ ഉപരോധത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ഇളവ് പ്രഖ്യാപിച്ചു, തീരുവ ബിൽ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE