മഞ്ചേരി: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവെച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ആയിരുന്നു പ്രതിയുടെ ആത്‌മഹത്യാ ശ്രമം. നേരത്തെയും മുഹമ്മദ് ഷെരീഫ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണ ഗർഭിണിയെയും ഏഴുവയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസിൽ ഷെരീഫ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെയാണ് ഷെരീഫ് കൊലപ്പെടുത്തിയത്.
2017 ജൂണിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസൽമയുമായി പരിചയത്തിലാകുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. ഇവർ അടുപ്പത്തിലായ ശേഷം ഗർഭിണിയായ ഉമ്മുസൽമ പ്രസവശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിച്ചു. വേറെ ഭാര്യയും മക്കളുമുള്ള ഷെരീഫ് ഉമ്മുസൽമയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കേസ്.
പൂർണ ഗർഭിണിയായ ഉമ്മുസൽമയെ വീട്ടിൽ അതിക്രമിച്ചു കയറിപ്രതി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്‌തു. കൊലപാതകം കണ്ടുനിന്ന മകൻ ദിൽഷാദിനെയും ഇതേരീതിയിൽ കൊലപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം നാട്ടുകാരാണ് കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Also Read: പ്ളസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെകെ ശൈലജ