വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയെ മാത്രമാണ് ഇനി വിചാരണ നടത്താൻ ഉള്ളത്. ഇദ്ദേഹത്തിന്റെ വിചാരണ ഡിസംബർ ഒന്ന് മുതൽ നടക്കും. ഇതോടെ കേസിലെ മുഴുവൻ പേരുടെയും വിചാരണ പൂർത്തിയാകും. തുടർന്ന്, പ്രതിയെ ചോദ്യം ചെയ്‌ത് തെളിവെടുപ്പ് നടപടികളിലേക്ക് കേസ് കടക്കും.
ഡിസംബറിൽ തന്നെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 72 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്‌താരത്തിനായി തിരഞ്ഞെടുത്തത്. 2020 നവംബറിലാണ് കൽപ്പറ്റ ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 2018 ജൂലൈ ആറിനായിരുന്നു കണ്ടത്തുവയൽ ഇരട്ടകൊലപാതകം നടന്നത്. കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.
മോഷണ ഉദ്ദേശ്യത്തോടെ ദമ്പതികളെ കൊലപ്പെടുത്തി പത്ത് പവൻ സ്വർണവുമായാണ് പ്രതി മുങ്ങിയത്. പിന്നീട് രണ്ട് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ മരുതോറയിൽ വിശ്വനാഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് 90 ദിവസത്തിനകം പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
Most Read: ഒമൈക്രോൺ ഭീതി; സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം