ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഓരോ സംസ്‌ഥാനവും എടുത്ത നടപടികൾ യോഗത്തിൽ വിശദമായി പരിശോധിക്കും.
ഒമൈക്രോൺ റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ 14 ദിവസത്തെ ക്വാറന്റെയ്‌നിലാക്കാനും ഏഴാം ദിവസം വീണ്ടും പരിശോധന നടത്താനുമാണ് കേന്ദ്രനിർദ്ദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗവ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതിരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്.
രോഗം ബാധിച്ച വ്യക്‌തികളെ പ്രത്യേകം പാർപ്പിക്കാനുള്ള സൗകര്യം, ഓക്‌സിജൻ അടക്കം ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ പരമാവധി സംഭരിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം മാസ്‌കും ശാരീരിക അകലവും അടക്കം പ്രാഥമിക പ്രതിരോധ തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനേഷൻ പരമാവധി കൂട്ടാനും നിർദ്ദേശം നൽകും.
Also Read: മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം