കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവിൽ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹരജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റേത് ആത്‍മഹത്യ അല്ലെന്നും, കൊലപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നത്.
സിബിഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംസ്‌ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചിരുന്നു. കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ സിപിഎം. സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യം നേരത്തെ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്‌തമാക്കുന്നു.
Most Read| രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം