ബംഗ്ളൂര്: കർഷകരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ ശക്തമായിട്ടും കർണാടകയിൽ ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കി ബിജെപി സർക്കാർ. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടയിലാണ് കർണാടക നിയമം പാസാക്കിയത്. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്കരണ (ഭേദഗതി) നിയമം പാസാക്കിയത്.
നേരത്തെ ഭേദഗതികയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി. 21 വോട്ടുകള്‍ക്കെതിരെ 37 വോട്ടുകള്‍ക്കാണ് നിയമസഭയില്‍ ബില്‍ പാസായത്. നിയമത്തെ എതിർത്ത കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങള്‍ സഭയിൽ ഹാജരായിരുന്നില്ല.
കാര്‍ഷിക ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ് ഭൂപരിഷ്കരണ നിയമം. വ്യവസായികള്‍ക്കോ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ കാര്‍ഷിക ഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഭേദഗതി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തെ കർഷകർ എതിർക്കുന്നത്. കേന്ദ്രം വിവാദമായ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയ സെപ്റ്റംബറിൽ തന്നെയാണ് കര്‍ണാടക നിയമസഭ ഭൂപരിഷ്കരണ (ഭേദഗതി) നിയമം പാസാക്കുന്നത്.
Also Read: കർഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും
































