മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തന്റെ 13ആം വയസിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്‌കറിന് കഴിഞ്ഞു. ഏഴു പതിറ്റാണ്ട് നീണ്ടുനിന്ന സംഗീത ജീവിതത്തിൽ ഗാനാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗാനങ്ങൾ ലതാ മങ്കേഷ്‌കര്‍ എന്ന അൽഭുത പ്രതിഭയുടെ ശബ്‌ദത്തിൽ പുറത്തുവന്നു.
1929 സെപ്റ്റംബര്‍ 28നാണ് ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍. മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. എല്ലാവരും സംഗീതജ്‌ഞരാണ്. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. ഹേമ എന്നായിരുന്നു ലതയുടെ ആദ്യനാമമെങ്കിലും പിന്നീട് ലതയെന്ന പേര് മാതാപിതാക്കള്‍ തന്നെ തങ്ങളുടെ മൂത്തപുത്രിക്ക് നല്‍കി.
1942ല്‍ പതിമൂന്നാമത്തെ വയസിലാണ് തന്റെ മ്യൂസിക് കരിയര്‍ ലത ആരംഭിച്ചത്. നസന്ത് ജോഗ്‌ലേക്കറിന്റെ കിതി ഹസാല്‍ എന്ന മറാത്ത സിനിമക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്‌തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് ലതാ മങ്കേഷ്‌കര്‍ പാടിയിരുന്നത്.
നിരവധി പുരസ്‌കാരങ്ങളും ഈ ഗായികയെ തേടിയെത്തി. 1969ല്‍ പത്‌മഭൂഷണ്‍, 1999ല്‍ പത്‌മവിഭൂഷണ്‍, 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, 2001ല്‍ ഭാരതരത്‌നം, മൂന്ന് നാഷണൽ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്‌റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയും ലത മങ്കേഷ്‌കറിന്റെ നേട്ടങ്ങളാണ്.
Most Read: മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ