ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. സിസോദിയക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു. ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് ദിനേശ് കുമാർ ശർമയാണ് ഹരജി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സിസോദിയ. മനീഷ് സിസോദിയ ഏറെ സ്വാധീനമുള്ള വ്യക്‌തിയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. ഇഡി കേസിൽ ഉന്നയിക്കുന്ന വാദങ്ങൾ ഗുരുതരമുള്ളതാണെന്നും കോടതി അറിയിച്ചു. ഇതോടെ ഹരജി തള്ളുകയായിരുന്നു. ഡെൽഹി മദ്യനയ കേസിൽ ജാമ്യം നിഷേധിച്ചു ദീർഘകാലമായി സിസോദിയ ജയിലിൽ തുടരുകയാണ്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നൽകിയത്. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. മദ്യലൈസൻസ് അഴിമതിക്കേസിൽ കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് സിബിഐ ഡെൽഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയെ ആദ്യം അറസ്‌റ്റ് ചെയ്‌തത്.
സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച ഡെൽഹിയിലെ റോസ് അവന്യു കോടതി സിസോദിയയുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി ജൂൺ ഒന്നുവരെ നീട്ടിയിരുന്നു. മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റും സിസോദിയയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു വർഷത്തിനിടെ 14 ഫോണുകൾ മാറ്റി സിസോദിയ തെളിവുകൾ നശിപ്പിച്ചതായും ആരോപണങ്ങൾ ഉണ്ട്.
Most Read: ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി