കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 5 വയസുകാരി രക്ഷപെട്ടു; സൂക്ഷിക്കുക

By News Desk, Malabar News
Representational Image
Ajwa Travels

കൊപ്പം: കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ബാറ്ററിയിൽ നിന്ന് പുകയും ശബ്‌ദവും. ഉടൻ തന്നെ താഴെയിട്ട് ഓടിയതിനാൽ അഞ്ചു വയസുകാരി പരിക്കേൽക്കാതെ രക്ഷപെട്ടു. തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടൻമാരുതൊടി നൗഷാദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതിനാണ് സംഭവം.

മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ബാറ്ററി എടുത്ത് കളിക്കുകയായിരുന്നു നൗഷാദിന്റെ ഇളയ മകൾ ഫാത്തിമ മിന്ന. അൽപ സമയം കഴിഞ്ഞപ്പോൾ ബാറ്ററിയിൽ നിന്ന് പുക വന്നു. ഇതോടെ കുട്ടി പേടിച്ച് അടുത്ത മുറിയിലേക്ക് ഓടിക്കയറി. തുടർന്ന് പുകയോടൊപ്പം ശബ്‌ദവും കൂടി ബാറ്ററി വീടിനകത്ത് കറങ്ങിത്തെറിച്ചു. വലിയ ശബ്‌ദം കേട്ട് വീട്ടിലുണ്ടായിരുന്ന എല്ലാവരും പുറത്തേക്കോടി.

ബാറ്ററിയിൽ നിന്ന് രണ്ടു മിനിറ്റോളം പുകയും ശബ്‌ദവും ഉയർന്നെന്ന് വീട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് തിരൂരിലെ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയ മൊബൈലിന്റെ ബാറ്ററി കേടായതിനെ തുടർന്ന് ഒരു മാസം മുൻപാണ് ഉപേക്ഷിച്ചത്. കേടായതിനാലാണ് കുട്ടികൾ ബാറ്ററി കളിക്കാൻ എടുത്തതെന്നും നൗഷാദ് പറയുന്നു. ഏത് കമ്പനിയുടെ മൊബൈൽ ആണെന്ന് വ്യക്‌തമല്ല.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ഇപ്പോൾ വർധിച്ചു വരികയാണ്. ഒരൽപം സൂക്ഷിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം. ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലിഥിയം അയൺ ബാറ്റിയിലുണ്ടാകുന്ന വ്യതിയാനം തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വർധിപ്പിക്കും.

അപകടം എങ്ങനെ?

ബാറ്ററിയിൽ കാഥോഡ്, ആനോഡ് എന്നീ രണ്ട് ഇലക്‌ട്രോഡുകളുണ്ട്. ഇവയെ വേർതിരിക്കാൻ പോളിമറും ഉപയോഗിച്ചിരിക്കുന്നു. ഫോൺ അമിതമായി ചൂടാകുമ്പോഴോ അമിത സമ്മർദമുണ്ടാകുമ്പോഴോ ഈ പോളിമറിനു വ്യതിയാനം സംഭവിക്കും. ഇത് കാഥോഡും ആനോഡും തമ്മിൽ കൂട്ടിമുട്ടി അപകടത്തിനു കാരണമാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  •  ഫോൺ ഫുൾ ചാർജ് ചെയ്യരുത്. 90% കടക്കുമ്പോൾ ഓഫ് ചെയ്യാം. ഫോൺ ചാർജിൽ കുത്തിയിട്ട് ഉറങ്ങുന്നത് അപകടമുണ്ടാക്കും.
  • മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ അമിതമായി ചൂടാകുന്നുണ്ടെങ്കിൽ സർവീസ്‌ സെന്ററിൽ കൊടുത്ത് കേടില്ലെന്ന് ഉറപ്പാക്കണം.
  • ബെഡിലും തലയിണക്കടിയിലും ഫോൺ വെച്ച് കിടക്കരുത്. ഫോണിന്റെ മുകളിലുണ്ടാകുന്ന സമ്മർദം മൂലം ബാറ്ററി അമർന്ന് കാഥോഡും ആനോഡും കൂട്ടിമുട്ടി അപകടത്തിനു കാരണമായേക്കാം.
  • ഗുണമേൻമയുള്ള ചാർജർ, പവർ ബാങ്ക് എന്നിവ ഉപയോഗിക്കുക. ചാർജറിലെ വോൾട്ട് ഒരുപോലെയാണെങ്കിലും ആംപിയറിൽ വരുന്ന വ്യത്യാസം ബാറ്ററിയുടെ പ്രവർത്തനത്തെ ബാധിക്കും. ഫോണിലെ ബാറ്ററി കേടായാൽ ഗുണമേൻമയുളളത് വാങ്ങുക.
  • ഫോൺ ചൂടാകുന്നുണ്ടെങ്കിൽ അൽപ സമയം സ്വിച്ച് ഓഫ് ചെയ്യാം. ഇറുകിയ വസ്‌ത്രത്തിനുള്ളിൽ ഫോൺ വെക്കുന്നത് നല്ലതല്ല.
  • ഫോൺ മുഴുവൻ മൂടുന്ന കവർ (പൗച്ച്) നല്ലതല്ല. കവറിൽ ദ്വാരങ്ങളുള്ളതു വാങ്ങുക. അല്ലെങ്കിൽ ചാർജ് ചെയ്യുന്ന സമയം കവർ ഊരിവെക്കാം.
  • കേടായ ഫോണായാലും കുട്ടികൾക്കു കളിക്കാൻ കൊടുക്കരുത്. ബാറ്ററിയിൽ ചാർജുണ്ടെങ്കിൽ അപകടത്തിനു കാരണമാകും.

Also Read: സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE