നീലേശ്വരം താലൂക്ക്; സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കണം -ജനപ്രതിനിധികൾ

By Central Desk, Malabar News
Neeleshwaram Taluk
Representational image
Ajwa Travels

കാസർഗോഡ്: അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സർവകക്ഷി സംഘം ‘നീലേശ്വരം താലൂക്ക് ആവശ്യം’ ഉന്നയിച്ചു സന്ദർശിക്കണമെന്ന് നഗരസഭയിലെ വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

നീലേശ്വരം നഗരസഭ മുൻകൈ എടുത്ത് വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു സർവകക്ഷി സംഘത്തെ തീരുമാനിക്കണം. ഇവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ‘ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സ്വപ്‌നമായിരുന്നു നീലേശ്വരം ആസ്‌ഥാനമായ താലൂക്ക് രൂപീകരിക്കുക’ എന്ന സ്വപ്‍നം യാഥാർഥ്യമാക്കാൻ പരിശ്രമിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇ ഷജീർ

‘സംസ്‌ഥാനവും നഗരസഭയും ഭരിക്കുന്നത് സിപിഎം മുന്നണിയാണ്. എന്നിട്ടും നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാൻ സിപിഎമ്മിന് ആകുന്നില്ല’. -നഗരസഭയിലെ പ്രതിപക്ഷ നേതാവും തെരുവത്ത് വാർഡ് കൗൺസിലറുമായ ഇ ഷജീർ അഭിപ്രായപ്പെട്ടു.

E Shajeer Neeleswaram
ഇ ഷജീർ

‘താലൂക്ക് യാഥാർഥ്യമായാലേ നീലേശ്വരത്ത് വികസനം ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. ദേശീയപാത വികസനവും രാജാറോഡ് വികസനവും ആരംഭിച്ചാൽ നീലേശ്വരം അടച്ചു പൂട്ടേണ്ട അവസ്‌ഥയാണുള്ളത്. നീലേശ്വരത്ത് വികസനം കൊണ്ടവരാൻ സിപിഎമ്മിന് താൽപര്യമില്ല’ -ഷജീർ പറഞ്ഞു.

അടുത്ത ദിവസം നീലേശ്വരത്ത് വരുന്ന മുഖ്യമന്ത്രിയെ സർവകക്ഷി സംഘം സന്ദർശിച്ചു ആവശ്യമായ സമ്മർദ്ദം ചെലുത്തണം. അതിന് വേണ്ടി രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാൻ നഗരസഭാ ഭരണ സമിതി മുന്നോട്ട് വരണമെന്നും ഷജീർ ആവശ്യപ്പെട്ടു.

റഫീഖ് കോട്ടപ്പുറം

താലുക്കിന് വേണ്ടി വിവിധ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും കോട്ടപ്പുറം വാർഡ് പ്രതിനിധിയുമായ റഫീഖ് കോട്ടപ്പുറവും ആവശ്യപ്പെട്ടു. അടുത്ത ദിവസം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ താലൂക്ക് വിഷയം കൊണ്ടുവരണം. അതിന് വേണ്ടി സിപിഎം മുൻകൈ എടുക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. താലുക്കിന് വേണ്ടി ആദ്യം ആവശ്യം ഉന്നയിച്ചത് മുസ്‌ലിം ലീഗാണ്.

Rafeeq Kottappuram
റഫീഖ് കോട്ടപ്പുറം

‘നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിച്ചാൽ ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ, പിലിക്കോട്, കയ്യൂർ ചീമേനി, മടിക്കൈ എന്നി പഞ്ചായത്തിലുള്ളവർക്ക് എളുപ്പത്തിൽ നീലേശ്വരത്ത് എത്തി കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്’ -റഫീഖ് കോട്ടപ്പുറം പറഞ്ഞു.

ശംഷുദീൻ അരിഞ്ചിര

സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ നഗരസഭാ മുൻകൈ എടുക്കണമെന്നും താലൂക്ക് ആവശ്യം ഉന്നയിച്ചു അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രിയെ പ്രതിനിധി സംഘം സന്ദർശിക്കണമെന്നും മുതിർന്ന ഐഎൻഎൽ നേതാവും ആനച്ചാൽ വാർഡ് കൗൺസിലറുമായ ശംഷുദീൻ അരിഞ്ചിര വ്യക്‌തമാക്കി.

Arinjira Shamsudheen
അരിഞ്ചിര ശംശുദീൻ

നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് ഐഎൻഎൽ മുൻസിപ്പൽ കമ്മിറ്റി മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യമായ സമ്മർദ്ദമില്ലാത്തതാണ് നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കാത്തതിന് തടസമായി നിൽക്കുന്നത്. കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട് സർക്കാറിന് മുന്നിലുണ്ട്. നീലേശ്വരം ആസ്‌ഥാനമായി ഉടൻ താലൂക്ക് അനുവദിക്കണമെന്നും ശംഷുദീൻ ആവശ്യപ്പെട്ടു.

അൻവർ സാദിക്ക്

നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുന്നതിന് ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കണമെന്ന് തൈക്കടപ്പുറം വാർഡ് കൗൺസിലർ അൻവർ സാദിക്ക് ആവശ്യപ്പെട്ടു.

Anwar Sadiq Neeleswaram
അൻവർ സാദിക്

കഴിയുമെങ്കിൽ നഗരസഭാ ഭരണസമിതി പ്രതിനിധികൾ അടുത്ത ദിവസം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ സന്ദർശിക്കണം. അതിന് നഗരസഭ അധ്യക്ഷ മുൻകൈ എടുക്കണം. താലൂക്ക് അനുവദിക്കുന്നതിന് നഗരസഭാ യോഗത്തിൽ പ്രമേയം കൊണ്ട് വരുമെന്നും സാദിഖ് അറിയിച്ചു.

കെപി ജയരാജൻ മാസ്‌റ്റർ

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് നിലവിലുള്ളപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്ക് പോലും നിലവിലില്ല. ഹോസ്‌ദുർഗ് താലൂക്ക് വിഭജിച്ചു നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്, എന്നാൽ ചില തൽപര കക്ഷികളുടെ സമ്മർദ്ദമാണ് താലൂക്ക് വെള്ളരിക്കുണ്ടിലേക്ക് കൊണ്ട് പോയതെന്ന് നീലേശ്വരം മുൻസിപ്പൽ മുൻ ചെയർമാൻ പ്രൊഫ. കെപി ജയരാജൻ മാസ്‌റ്റർ വ്യക്‌തമാക്കി.

Prof. KP JAYARAJAN
പ്രൊഫ. കെപി ജയരാജന്‍

‘ഫർക്ക അടിസ്‌ഥാനത്തിലാണ്‌ സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയിൽ ഫർക്കയുടെ ആസ്‌ഥാനമായിരുന്നു നീലേശ്വരം. എന്നാൽ വെള്ളരിക്കുണ്ട് ഒന്നുമായിരുന്നില്ല. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത് . ജില്ലയിൽ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. നീലേശ്വരം നഗരത്തിലെത്തുന്ന മുഖ്യമന്ത്രിയെ താലൂക്ക് വിഷയം ധരിപ്പിക്കാൻ കഴിഞ്ഞാൽ ഏറെ ഗുണകരമാകും. നീലേശ്വരം താലൂക്ക് കാലഘട്ടത്തിന്റെ ആവശ്യമാണ്’ -ജയരാജൻ മാസ്‌റ്റർ പറഞ്ഞു.

കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ

നീലേശ്വരം താലൂക്ക് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിന് വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ ആവശ്യപ്പെട്ടു.

Kaiprath Krishnan Nambiar
കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ

കോൺഗ്രസ് എസ് ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും മുമ്പ് നിവേദനം നൽകിയിട്ടുണ്ട്. മന്ത്രിമാരെ സന്ദർശിച്ചു താലുക്കിനായി ഇനിയും നിവേദനം നൽകുമെന്നും ഇദ്ദേഹം അറിയിച്ചു.

Most Read: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE