കാസർഗോഡ്: വികസന മുരടിപ്പിൽ വീർപ്പ് മുട്ടുന്ന ജില്ലയിലെ നീലേശ്വരത്തുകാർ സംസ്‌ഥാന സർക്കാരിന്റെ പുതിയ ബജറ്റിലേക്ക് പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ജില്ലയിലെ മൂന്നാമത്തെ നഗരവും സാംസ്‌കാരിക ആസ്‌ഥാനവുമായ നീലേശ്വരത്തിന്റെ വികസനത്തിനായി നീണ്ട വർഷങ്ങളായി തുടരുന്ന മുറവിളിക്ക് ഈ ബജറ്റ് പരിഹാരമാകുമെന്നാണ് നീലേശ്വരത്തുകാർ പ്രതീക്ഷിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സ്വപ്‌നമായ നീലേശ്വരം താലൂക്ക് ഈ വർഷത്തെ ബജറ്റിൽ ഇടംപിടിക്കുമെന്നും നീലേശ്വരത്തുകാർ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ ഒരു കോടി രൂപയും ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ അഞ്ചു കോടി രൂപയും ടോക്കൺ തുക അനുവദിച്ചിരുന്ന നീലേശ്വരം ലോക്കൽ കോളജ്, കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്ന നീലേശ്വരം കല്ലളന്‍ വൈദ്യർ സ്മാരക സാംസ്‌കാരിക സമുച്ചയം, കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ അഞ്ചു കോടി അനുവദിച്ചിരുന്ന തളിയിൽ- തെരുവ് റോഡ് ഇടനാഴി എന്നിവയുടെ കാര്യത്തിൽ കൂടുതൽ വ്യക്‌തത ഉണ്ടാകാനുള്ള സാധ്യത ഭരണപക്ഷ എംഎൽഎമാർ തള്ളുന്നില്ല.
കണ്ണൂർ സർവ്വകലാശാല ക്യാമ്പസിന് സമീപമാണ് ഗവ.ലോകോളേജ് അനുവദിച്ചിട്ടുള്ളത്. കല്ലളന്‍ വൈദ്യർ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന് ചിറപ്പുറത്ത് നഗരസഭ സ്‌ഥലവും അനുവദിച്ചിട്ടുണ്ട്. രണ്ടു പദ്ധതികളിലും പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയിട്ട് വർഷം പതിനഞ്ചു കഴിഞ്ഞെങ്കിലും നീലേശ്വരത്ത് മുൻസിഫ് കോടതി ഇതുവരെ ആരംഭിച്ചിട്ടില്ല. കേസുകൾ കെട്ടിക്കിടക്കുന്ന ഹൊസ്‌ദുർഗ് മുൻസിഫ് കോടതി വിഭജിച്ചു നീലേശ്വരത്ത് പുതിയ കോടതി ആരംഭിക്കണമെന്ന ആവശ്യവും ശക്‌തമാണ്.
നീലേശ്വരത്ത് ഫയർ സർവീസ് സ്‌റ്റേഷനും, ആർടിഎ ഓഫീസും, ഡിവൈഎസ്‍പി ഓഫീസും ആനുവദിച്ചു നൽകാനുള്ള ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി കഴിഞ്ഞ മുൻസിപ്പൽ ഭരണസമിതി പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചിരുന്നു. പ്രഖ്യാപിത പദ്ധതികൾക്കൊപ്പം ഇതും ഈ ബജറ്റിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതിയും ജനങ്ങളും. നെടുംങ്കടയിൽ നഗരസഭയുടെ കീഴിലുള്ള 60 സെന്റ് ഭൂമിയിൽ റവന്യൂ ടവർ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Most Read: രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം; സുപ്രധാന നടപടി