നീലേശ്വരം താലൂക്ക്; അനിവാര്യതയും ഗൗരവവും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം

അടുത്ത ദിവസം തിരുവനന്തപുരം സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിന്റെ അജണ്ടയിൽ ‘നീലേശ്വരം താലൂക്ക് ആവശ്യം’ കൂടി ഉൾപ്പെടുത്തണമെന്നും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നുമുള്ള ആവശ്യം ശക്‌തമാകുന്നു.

By Central Desk, Malabar News
Neeleswaram Taluk Issue
Rep. Image
Ajwa Travels

കാസർഗോഡ്: നീലേശ്വരത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 24ന് തിരുവനന്തപുരം സന്ദർശിക്കുന്ന സർവകക്ഷി സംഘം ‘നീലേശ്വരം താലൂക്ക്’ എന്ന ആവശ്യം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബോധ്യപ്പെടുത്തണമെന്ന പൊതുആവശ്യം ശക്‌തമാകുന്നു.

ദേശീയ പാതയിൽ നീലേശ്വരം നഗരത്തിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യവുമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ അടുത്ത ദിവസം സർവകക്ഷി സംഘം തിരുവനന്തപുരം സന്ദർശിക്കുന്നുണ്ട്. ഈ യാത്രാ അജണ്ടയിൽ മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ ഈ പ്രദേശത്തെ ഓരോരുത്തരുടെയും സ്വപ്‌നമായ ‘നീലേശ്വരം താലൂക്ക്’ എന്ന ആവശ്യം കൂടി ഉൾപ്പെടുത്തണമെന്നാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന ആവശ്യം.

‘നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിച്ചാൽ ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ, പിലിക്കോട്, കയ്യൂർ ചീമേനി, മടിക്കൈ എന്നി പഞ്ചായത്തിലുള്ളവർക്ക് എളുപ്പത്തിൽ നീലേശ്വരത്ത് എത്തി കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ആവശ്യമായ സമ്മർദ്ദമില്ലാത്തതാണ് നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കാത്തതിന് തടസമായി നിൽക്കുന്നത്’ -വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വിഭാഗം ജില്ലാ ട്രഷററും നീലേശ്വരം നഗരത്തിലെ യുവവ്യാപാരിയുമായ അഫ്‌സർ പറഞ്ഞു.

Neeleswaram Taluk Issue _ Afsar
അഫ്‌സർ

‘ഫർക്ക അടിസ്‌ഥാനത്തിലാണ്‌ സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയിൽ ഫർക്കയുടെ ആസ്‌ഥാനമായിരുന്നു നീലേശ്വരം. എന്നാൽ വെള്ളരിക്കുണ്ട് ഒരു വില്ലജ് പോലുമായിരുന്നില്ല. യഥാർഥത്തിൽ, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത്. ജില്ലയിൽ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. തിരുവനന്തപുരത്തേക്ക് പോകുന്ന സർവകക്ഷി സംഘത്തിന് മുഖ്യമന്ത്രിയുടെ മുന്നിൽ താലൂക്ക് വിഷയം കൂടി ധരിപ്പിക്കാൻ കഴിഞ്ഞാൽ അത് ഏറെ സഹായകമാകും’ -വ്യപാരി വ്യവസായി ഏകോപനസമിതി മുൻ ജില്ലാ പ്രസിഡണ്ടും നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടുമായ കെവി സുരേഷ്‌കുമാർ മലബാർ ന്യൂസിനോട് പറഞ്ഞു.

Neeleswaram Taluk _ KV Suresh Kumar
കെവി സുരേഷ് കുമാർ

‘കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് നിലവിലുള്ളപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്ക് പോലും നിലവിലില്ല. ഹോസ്‌ദുർഗ് താലൂക്ക് വിഭജിച്ചു നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്, എന്നാൽ ചില തൽപര കക്ഷികളുടെ സമ്മർദ്ദമാണ് താലൂക്ക് വെള്ളരിക്കുണ്ടിലേക്ക് കൊണ്ട് പോയത്.’ -മാദ്ധ്യമ പ്രവർത്തകൻ റാഷിദ് പൂമാടം പറഞ്ഞു.

‘എന്റെയും ഈ പ്രദേശത്തെ ഓരോ മനുഷ്യരുടെയും ദശാബ്‌ദളങ്ങായുള്ള ആവശ്യമാണ് നീലേശ്വരം താലൂക്ക് എന്നത്. ഒപ്പം തന്നെ, നീലേശ്വരം നിയയോജകമണ്ഡലം പുനഃസ്‌ഥാപിക്കുകയും വേണം. താലൂക്ക് യാഥാർഥ്യമായാലേ നീലേശ്വരത്ത് വികസനം ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളു.’- മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയും മുൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മാമുനി വിജയൻ വിശദീകരിച്ചു.

Neeleswaram Taluk Issue _ Mamuni Vijayan
മാമുനി വിജയൻ

‘എന്നാൽ, നിലവിലുള്ള എസ്‌റ്റിമേറ്റ് അനുസരിച്ച് ദേശീയപാത വികസനവും രാജാറോഡ് വികസനവും ആരംഭിച്ചാൽ നീലേശ്വരം തന്നെ അടച്ചു പൂട്ടേണ്ട അവസ്‌ഥ നിലവിലുണ്ട് എന്നത് മറ്റൊരു യാഥാർഥ്യമാണ്. അതുകൊണ്ട് ഈ മാസത്തെ സർവകക്ഷി സംഘത്തിന്റെ യാത്രാ അജണ്ടയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.’ -മാമുനി വിജയൻ വ്യക്‌തമാക്കി.

വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്നും നീലേശ്വരം താലൂക്ക് അത്യാവശ്യമാണെന്നും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഒട്ടനേകം പേരാണ് ചൂണ്ടിക്കാണിക്കുന്നത്. നീലേശ്വരം നിയോജകമണ്ഡലം പുനസ്‌ഥാപിക്കാനുള്ള ആവശ്യവും ശക്‌തമാണ്‌. ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഗൗരവമാർന്ന രാഷ്‌ട്രീയ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ, ശരിയായ രീതിയിലുള്ള നീലേശ്വരം നഗരവികസനം പ്രതിസന്ധിയായി തന്നെ തുടരുമെന്നുമാണ് പ്രദേശവാസികളുടെ ആശങ്ക.

Most Read: പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE