ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. അക്കാദമിക് സെഷൻ വൈകാതിരിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർഥികൾ വീണ്ടും പരീക്ഷയ്‌ക്കായി രജിസ്‌റ്റർ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകൾ തന്നെ പരിഗണിക്കും. പുനഃപരീക്ഷയ്‌ക്കായി വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല. നേരത്തെ അടച്ച ഫീസ് തിരിച്ചു നൽകും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷയ്‌ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ അഡ്‌മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യും.
വിദ്യാർഥികൾ തിരഞ്ഞെടുത്ത പരീക്ഷ നഗരങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി അനുവദിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതും. പരീക്ഷയ്‌ക്ക് മുൻപ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് ആരോപണം ഉയർന്നത്. കേസ് നിലവിൽ സമഗ്രമായ അന്വേഷണത്തിനായി സിബിഐക്ക് വിട്ടിരിക്കുകയാണ്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































