ദോഹ: പുതിയ കോവിഡ് വകഭേദം ഭീതി പരത്തുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്. പുതിയ കോവിഡ് വകഭേദം റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കമ്പനി വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച ഖത്തർ എയർവേയ്‌സ് പൂർത്തിയാക്കിയ അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക, സിംബാവേ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ശനിയാഴ്‌ച ഈ പട്ടികയിലേക്ക് മൊസംബികിനെ കൂടെ ഉൾപ്പെടുത്തുകയായിരുന്നു.
സ്‌ഥിതിഗതികൾ ഓരോ ദിവസവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പരിശോധിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ തുടർന്നും കൊണ്ടുപോകും. പുതിയ നിയന്ത്രണങ്ങൾ ബാധകമാകുന്ന യാത്രക്കാർ ഖത്തർ എയർവേയ്‌സുമായോ തങ്ങളുടെ ട്രാവൽ ഏജന്റുമായോ ബന്ധപ്പെടണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം