ഇരിട്ടി: കോവിഡിൽ കേരളം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങളിൽ അയവില്ലാതെ കർണാടകം. നിലവിൽ കുടക് ജില്ലയിലേക്ക് മലയാളികൾക്കുള്ള പ്രവേശനത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതോടെ പൊതുഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിരോധനം ഒന്നരമാസം പിന്നിട്ടിരിക്കുകയാണ്. അതേസമയം, പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനം ഈ മാസം 30 വരെ നീട്ടി കുടക് അസി. കമ്മീഷണർ കഴിഞ്ഞ ദിവസം പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് മാക്കൂട്ടം ചുരം വഴി കുടകിലേക്കുള്ള യാത്രാപ്രവേശനത്തിനാണ് നിയന്ത്രണം തുടരുന്നത്. അതേസമയം, കുടകിലേക്കുള്ള പ്രവേശനത്തിന് പരിശോധന ശക്‌തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാക്കൂട്ടം വനംവകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം കേരള റവന്യൂ ഭൂമിയോട് ചേർന്ന് പ്രത്യേക പരിശോധനാ സംവിധാനവും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അതേസമയം, കുടകിൽ തങ്ങുന്നവർ നിർബന്ധമായും ഏഴു ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന വ്യവസ്ഥയ്‌ക്കും മാറ്റമില്ല.
ദിവസവും മാക്കൂട്ടം ചുരം പാതവഴി കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലിനെത്തുന്നവരിൽ ഭൂരിഭാഗം പേരും പൊതുഗതാഗത നിരോധനം മൂലം തൊഴിൽരഹിതരായ അവസ്‌ഥയിലാണ്. പൊതുഗതാഗത പുനഃസ്‌ഥാപിക്കാത്തത് മൂലം ഏറെ കഷ്‌ടപെടുന്നത് മലയാളികളായ തോട്ടം തൊഴിലാളികളും വ്യാപാരികളുമാണ്. അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പിൻവലിച്ചിട്ടുണ്ട്.
Read Also: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി