ന്യൂഡെൽഹി: പാർലമെന്റിനെ നോക്കു കുത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ പരമാവധി യോജിപ്പോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടുതല്‍ യോജിച്ച മുന്നേറ്റത്തിന് രൂപം നല്‍കാന്‍ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ യോഗം 20ന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷത്തിന്റെ യോജിച്ച നിലപാടിന് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്ന ചരിത്രം മുൻപുണ്ടായിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി കേസ് അതിന് ഉദാഹരണമാണ്. പ്രതിപക്ഷം ഒന്നടങ്കം രാജിവച്ചതുമൂലം അന്ന് പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരികയും അതിന്റെ ഫലം എന്തായിരുന്നെന്ന് കാണുകയും ചെയ്‌തുവെന്ന് യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം പൂർണമായി പാഴായതിന്റെ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളും, രാജ്യത്തിന്റെ അസ്‌ഥിത്വം ചോദ്യം ചെയ്യുന്ന പെഗാസസ് ഫോണ്‍ചോര്‍ത്തലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കാത്തതിലൂടെ പാർലമെന്റിന്റെ ജനാധിപത്യ അധികാരം ഇല്ലാതാക്കി.
രാജ്യം അതിഗുരുതരമായ സ്‌ഥിതിയിലൂടെയാണ് കടന്ന് പോവുന്നത്. കോവിഡ് കൈകാര്യം ചെയ്‌തതിലെ വീഴ്‌ച പല രംഗത്തും ദുരന്തമായി. സാമ്പത്തികരംഗം താറുമാറായി. തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്. സാധനങ്ങളുടെ വില കുതിച്ചുകയറുന്നു. കോടിക്കണക്കിന് ആളുകൾ ജീവിക്കാൻ നിവൃത്തിയില്ലാതെ വലയുകയാണെന്നും യെച്ചൂരി പറഞ്ഞു.
Read Also: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണാഭരണം കാണാതായി; അന്വേഷണം പ്രഖ്യാപിച്ചു