കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ ഉൾപ്പെടുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്‌ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം പുറത്തറിഞ്ഞത്.
വലിയ രുദ്രാക്ഷ മണികളില്‍ സ്വര്‍ണം കെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ക്ഷേത്രത്തിലെ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജറായിരുന്നു മാല വഴിപാടായി നല്‍കിയിരുന്നത്. കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്‌മനാഭന്‍ സന്തോഷ് ചുമതലയേറ്റത്. തുടര്‍ന്ന് ദേവസ്വം അസിസ്‌റ്റന്റ് കമ്മീഷണറടക്കമുള്ള ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം അറിഞ്ഞത്. അതേസമയം കണക്കില്‍ പെടാത്ത ഒരു മാല കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സാണ് അന്വേഷണം ആരംഭിച്ചത്.
Read Also: സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്