തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് എഎം ആരിഫ് എംപി. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി.
എൻഎച്ച് 66ലെ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിലോമീറ്റർ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്റെ ആരോപണം. 2019ൽ 36 കോടി ചെലവിട്ട് ജർമൻ സാങ്കേതിക വിദ്യയോടെ ആയിരുന്നു പുനർനിർമാണം. മൂന്ന് വർഷം ഗ്യാരന്റിയോടെ നിർമിച്ച റോഡിന് നിലവാരമില്ലെന്നും റോഡിലുടനീളം കുഴികൾ രൂപപ്പെടുന്നെന്നും കത്തിൽ ആരിഫ് എംപി ചൂണ്ടിക്കാട്ടി.
ഇന്നലെ ആലപ്പുഴയിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരിട്ടാണ് എംപി കത്ത് നൽകിയത്. ഇതിനോടൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ആരിഫ് ജി സുധാകരനെ പ്രതിക്കൂട്ടിലാക്കി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അമ്പലപ്പുഴയില്‍ സിപിഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഈ കത്തും പുറത്തുവന്നിരിക്കുന്നത്. അമ്പലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്‌തിയാണ് എഎം ആരിഫ്. സിപിഎം നേതൃയോഗങ്ങൾ ചേരുന്ന ഘട്ടത്തിൽ ഈ വിഷയവും പാർട്ടിക്കുള്ളിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
Also Read: മലപ്പുറം എആർ നഗർ ബാങ്കിൽ തട്ടിപ്പ് പലവിധം; 80 ലക്ഷത്തിന്റെ തിരിമറി