സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്

By Desk Reporter, Malabar News
dakshayani-velayudhan
ദാക്ഷായണി വേലായുധൻ

തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2021ലെ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ഈ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ജില്ലാതലത്തില്‍ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകള്‍ കളക്‌ടർ അധ്യക്ഷനായിട്ടുള്ള ജില്ലാ സെലക്ഷന്‍ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ കളക്‌ടർ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ മെമ്പര്‍മാരായിരിക്കും.

അപേക്ഷകള്‍ ഈ കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന നോമിനേഷനുകള്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടറേറ്റ് മുഖാന്തിരം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. 14 ജില്ലകളില്‍ നിന്നും ലഭിക്കുന്ന നോമിനേഷനുകള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന ജെന്‍ഡര്‍ അഡ്വൈസറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നു. അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തപക്ഷം സംസ്‌ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നോമിനേഷനുകള്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി ശുപാര്‍ശ ചെയ്യാവുന്നതാണ്.

അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ 5 വര്‍ഷമെങ്കിലും പ്രസ്‌തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാകണം, അപേക്ഷകരുടെ പ്രവര്‍ത്തനം സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ ആയിരിക്കണം, വളരെ ബുദ്ധിമുട്ടി ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന എന്നീ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ദളിത് വനിതയാണ് ദാക്ഷായണി വേലായുധൻ. പിന്നാക്ക വിഭാഗത്തിൽ നിന്നു പഠിച്ചുയർന്ന് ബിആർ അംബേദ്‌കർക്ക് ഒപ്പം ഭരണഘടനയുടെ ഭാഗമായ വനിതയാണ് ഇവർ. പുലയ സമുദായത്തിൽ ജനിച്ച ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും ദാക്ഷായണി വേലായുധൻ ആണ്.

Also Read:  ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE