പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന്‌ പ്രവാസി ലോകത്തിന്റെ ആദരം

By Desk Reporter, Malabar News
Ashraf Naithalloor _ Malabar News
അഷ്‌റഫ് നൈതല്ലൂരിനെ ദമാം നാടകവേദിക്ക് വേണ്ടി ജേക്കബ് ഉതുപ്പ് പൊന്നാടയണിയിക്കുന്നു
Ajwa Travels

ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും വേൾഡ് എൻആർഐ കൗൺസിൽ സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി താസൂർ ജനറൽ കോൺട്രാക്റ്റിങ്‌ കമ്പനി ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ജോലിനോക്കിയിരുന്ന അഷ്‌റഫ് കമ്പനിയുടെ ഓപ്പറേഷൻ മാനേജറായാണ് വിടവാങ്ങുന്നത്.

ഒരു പ്രൈവറ്റ് കമ്പനിയുടെ ജോലിയിൽ ഇരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്നതെല്ലാം ഞാൻ ചെയ്‌തു തീർത്തു. എന്റെ ജീവിതത്തിൽ താസൂർ ഗുണപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാക്കി. താസൂറിന്റെ വളർച്ചയിൽ നിർണായക സ്വാധീനമാകാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആയുസിലെ ഏറ്റവും സുപ്രധാനമായ കാലം എന്റെ കമ്പനിക്കായി ഞാൻ സമർപ്പിച്ചു. ഇനി എന്റേതായ ചില സ്വപ്‌നങ്ങളിൽ മുഴുകാനുണ്ട്. അതിനാണ് ഈ വിടവാങ്ങൽ അഷ്‌റഫ് മലബാർ ന്യൂസിനോട് പറഞ്ഞു.

സാധാരണക്കരുടെ പ്രശ്‌നങ്ങളിൽ നിശബ്‌ദമായി നിരന്തരം ഇടപെട്ട് പൊതുപ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ്‌ അഷ്‌റഫ് നൈതല്ലൂർ എന്ന് പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുംപ്ളീസ് ഇന്ത്യ ചെയർമാനുമായ ലത്തീഫ് തെച്ചി പറഞ്ഞു. അദ്ദേഹത്തിന്റെ സേവനം ഇനിയും ഇവിടെ ആവശ്യമാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം തിരിച്ചു വരുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നതെന്നും ലത്തീഫ് തെച്ചി കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയിലെ നൈതല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് കാൽ നൂറ്റാണ്ട് മുൻപ് ഇവിടെ വന്ന് ‘മതേതരത്വത്തിന്റെ കാവലാളായി പ്രവർത്തിക്കുന്നതിൽ’ അഷ്‌റഫ് നൈതല്ലൂർ വഹിച്ച പങ്ക് വലുതാണെന്നും ജോലിവിട്ട് പോകുന്ന ഇദ്ദേഹത്തിന്റെ കൂടുതൽ സാന്നിദ്ധ്യം ജൻമനാട്ടിൽ ഇനിയുണ്ടാകും എന്നത് ഏറെ സന്തോഷം നൽകുന്നതായും പരിപാടിയിൽ സംസാരിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററും ഒഐസിസി നേതാവുമായ സലീം കളക്കര പറഞ്ഞു.

വ്യക്‌തമായ രാഷ്‌ട്രീയപക്ഷം ഉണ്ടായിരിക്കുമ്പോൾ തന്നെ എതിർചേരി രാഷ്‌ട്രീയക്കാരെയും ചേർത്ത് നിറുത്തി മുന്നോട്ടുപോകാൻ ഇക്കാലമത്രയും അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് മികച്ച ഉദാഹരണമാണ് ഓർമയുടെ പ്രവർത്തനങ്ങളെന്നും സലീം കളക്കര വ്യക്‌തമാക്കി.

അഷ്‌റഫ് നൈതല്ലൂർ നാട്ടിലേക് മടങ്ങുമ്പോൾ ഒരു സഹോദരൻ വിടപറയുന്നതിനേക്കാൾ വിഷമമാണെന്നും അഷ്‌റഫ് നൈതല്ലൂർ ഞങ്ങൾക്കല്ലാം മാതൃകയായിരുന്നു എന്നും സൗദിപൗരനും ഫ്യുച്ചർ അൽജസീറ കോൺട്രാക്റ്റിങ്‌ & ലോജിസ്‌റ്റിക് കമ്പനി ജനറൽ മാനേജറുമായ അബു അബ്‌ദുൽ അസീസ് പറഞ്ഞു.

‘ഓർമ’യുടെ നേതൃത്വത്തിൽ ദമാമിലെ റോയൽ മലബാർ റെസ്‌റ്റോറന്റിൽ നടന്ന ചടങ്ങിൽ അഷ്‌റഫ് നൈതല്ലൂരിന്റെ സഹപ്രവർത്തകനും താസൂർ കമ്പനിയിൽ 35 വർഷമായി ജോലിയിലുണ്ടായിരുന്ന മഹാരാഷ്‌ട്ര സദേശി ഡിഎം പൂജാരിയെയും ആദരിച്ചിരുന്നു. താസൂറിൽ നിന്ന് സീനിയർ അഡ്‌മിനിസ്‌ട്രേറ്ററായി ജോലിവിടുന്ന ഇദ്ദേഹം മലയാളികളോടും കേരളത്തോടും കാണിക്കുന്ന അടുപ്പത്തിനും സ്‌നേഹത്തിനുമുള്ള ആദരവാണ്ഓർമ നൽകിയതെന്ന് ഭാരവാഹികൾ വ്യക്‌തമാക്കി.

DM Poojari _ Malabar News
ഡിഎം പൂജാരിക്ക് ‘ഓർമ’ നൽകിയ ആദരം

എന്നേക്കാൾ 10 വർഷം മുൻപ് കമ്പനിയിൽ വന്ന, ഞാൻ വന്നത് മുതൽ എനിക്കൊരു ജ്യേഷ്‌ഠ സഹോദരന് തുല്യമായി നിലകൊണ്ട പൂജാരിയുടെ സഹായങ്ങൾ ഞാൻ മറക്കില്ല. മിക്ക മാസങ്ങളിലും തനിക്കു കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരോഹരി സാധുക്കളായ മനുഷ്യരെ സഹായിക്കാൻ ഉപയോഗിച്ചിരുന്ന പൂജാരി പല പ്രവാസികൾക്കും മാതൃകയാണ്. മലയാളികളോടും കേരളത്തോടും ‘ഓർമ’ സംഘടനയോടും അദ്ദേഹം കാണിച്ച അടുപ്പത്തെയാണ് ഓർമ വേദിയിൽ ആദരിച്ചത്അഷ്‌റഫ് മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.

അഷ്‌റഫ് നൈതല്ലൂർ പ്രവാസി സമൂഹത്തിനു വേണ്ടി ചെയ്‌ത പ്രവർത്തങ്ങൾ അനുസ്‌മരിച്ചാണ് വിവിധ വ്യക്‌തികൾ സംസാരിച്ചത്. പ്രവാസികൾക്ക് മരുഭൂമിയിൽ ലഭിച്ച നീരുറവകളിൽ ഒന്നാണ് അഷ്‌റഫെന്നും ഇദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും പ്രവാസി സമൂഹത്തിന്റെ കൂടെ ഉണ്ടാവണമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

‘ഓർമ’യുടെ ട്രഷറർ ഉണ്ണി കെ നായർ, ഓർമ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആർവി ഫൈസൽ, എൽദോ, പി നിസാർ, മാർട്ടിൻ, എൻപി ഷമീർ, അലി ചെറുവത്തൂർ (നൈതല്ലൂർ മുൻ കൗൺസിലർ) പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (സൗദി) ഐടി കോ-ഓർഡിനേറ്റർ അൻസാർ നൈതല്ലൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അഷ്‌റഫ്‌ നൈതല്ലൂരിനെ കുറിച്ച് സുഹൃത്ത് ദിനകർ എഴുതിയ കവിത സദസിൽ ചൊല്ലി. ഡോ.സിന്ധുബിനു ആയിരുന്നു പ്രോഗ്രാം അവതാരക. വിവിധ കലാപ്രതിഭകളുടെ പാട്ടും, ധൻവി ഹരികുമാർ എന്ന കൊച്ചു കലാകാരിയുടെ ഡാൻസും ചടങ്ങിന് മാറ്റുകൂടി.

മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ, ഒഐസിസി ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ബിജു കല്ലുമല, കെഎംസിസി ഈസ്‌റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂർ, നവോദയ സംഘടനയുടെ റഹീമ ഏരിയ സെക്രട്ടറി ജയൻ മെഴുവേലി, ഒഐസിസി ഗ്ളോബൽ കമ്മിറ്റി അംഗം മാത്യു ജോസഫ്, നവോദയ ഈസ്‌റ്റേൺ പ്രൊവിൻസ് രക്ഷാധികാരി ഇഎം കബീർ, മലയാളം ന്യൂസ് റിപ്പോർട്ടർ ഹബീബ് ഏലംകുളം, നവയുഗം രക്ഷാധികാരി ഷാജി മതിലകം, സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, ദമാം ക്രിമിനൽ കോടതിയിലെ ട്രാൻസ്‌ലേറ്റർ മുഹമ്മദ് നജാത്തി, എടത്വ അസോസിയേഷൻ പ്രസിഡണ്ട് തമ്പി പത്തിശ്ശേരി, കെഎംസിസി ഈസ്‌റ്റേൺ പ്രൊവിൻസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹുസൈൻ വേങ്ങര തുടങ്ങിയ പ്രവാസി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

‘ഓർമ’ ആക്റ്റിങ് പ്രസിഡണ്ട്‌ അനിൽ റഹിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർമയുടെ ജനറൽ സെക്രട്ടറി വർഗീസ് എടത്വ നന്ദിയും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിനകരൻ സ്വാഗതം പറഞ്ഞു.

Most Read: മതപരിവർത്തന നിരോധന നിയമം; യുപിയിൽ ഏഴ് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE