പന്താവൂര്‍ ഇർഷാദ് വധക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

By Desk Reporter, Malabar News
Irshad-Murder-Case
Ajwa Travels

മലപ്പുറം: പന്താവൂര്‍ ഇർഷാദ് കൊലക്കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. കസ്‌റ്റഡിയിൽ കിട്ടിയ കേസിലെ ഒന്നാം പ്രതി സുബാഷുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങൾക്കകം പരമാവധി ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രണ്ടാം പ്രതി എബിന് കോവിഡ് സ്‌ഥിരീകരിച്ചതിനാല്‍ ചികിൽസയിലാണ്.

ഇർഷാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം, ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, വസ്‌ത്രങ്ങൾ എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഇര്‍ഷാദിനെ ബോധരഹിതനാക്കാന്‍ പ്രതികള്‍ക്ക് ക്ളോറോഫോം എത്തിച്ച് നല്‍കിയ കാഞ്ഞിരമുക്ക് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യും.

ഇര്‍ഷാദിന്റെ മൃതദേഹം കിണറ്റില്‍ തള്ളാന്‍ പ്രതികളുപയോഗിച്ച കാറില്‍ രക്‌തക്കറ ഉണ്ടായിരുന്നു. കൊലപാതക ശേഷം കാര്‍ കഴുകിയ സര്‍വീസ് സ്‌റ്റേഷനിലെ ജീവനക്കാരന്‍ ഇത് കണ്ടിരുന്നുവെന്നും പ്രതികള്‍ ഇയാളെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുക ആയിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജീവനക്കാരനെയും കസ്‌റ്റഡിയിൽ എടുത്തേക്കും.

അതേസമയം, എല്ലുകള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ രാസപരിശോധനക്കും ഡിഎന്‍എ പരിശോധനക്കുമായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ കൊല്ലപ്പെട്ടത് ഇര്‍ഷാദ് തന്നെയാണെന്ന് ശാസ്‌ത്രീയമായും സ്‌ഥിരീകരിക്കാം. ഇര്‍ഷാദിന്റെ തലക്ക് പിന്നില്‍ അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യം പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 11നാണ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളും ഇർഷാദും തമ്മില്‍ നടത്തിയ പണമിടപാടിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കലാക്കി. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതോടെ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇർഷാദിനെ കൊല്ലാൻ പദ്ധതി മെനഞ്ഞ സുഭാഷ് സുഹൃത്ത് എബിനെയും കൂട്ടുപിടിച്ചു.

വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷ് തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. ക്ളോറോഫോം നല്‍കി ബോധരഹിതനാക്കിയ ശേഷം തലക്ക് പിന്നിലടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം നടുവട്ടം പൂക്കറത്തറയിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. ജനുവരി മൂന്നിനാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Malabar News:  താമരശ്ശേരിയിലെ ജ്വല്ലറിയിൽ കവർച്ച; 16 പവൻ സ്വർണവും 65,000 രൂപയും മോഷണം പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE