മലപ്പുറം: കർഷകർക്ക് ആശ്വാസമായി വിപണിയിൽ അടക്ക വില വർധന. നിലവിൽ 20 കിലോ അടക്കയ്‌ക്ക് 9,500 രൂപയാണ് വില. നേരത്തെ ഇത് 6,500 രൂപയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ദീപാവലി അടുത്തതോടെ അടക്ക വിലയിൽ വർധന ഉണ്ടായത്.
എല്ലാ വിളകൾക്കും താങ്ങുവില നിശ്‌ചയിക്കുന്ന സർക്കാർ അടക്കയ്‌ക്ക് താങ്ങുവില ഏർപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. കാലാവസ്‌ഥാ വ്യതിയാനവും കൂലി വർധനയും മൂലം വിലയ്‌ക്ക് സ്‌ഥിരത ഇല്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. വില ഇടിയുന്ന സാഹചര്യത്തിലും അടക്ക പറിക്കുന്നതിനും, പൊളിക്കുന്നതിനുമുള്ള കൂലിയിൽ വ്യത്യാസം ഉണ്ടാകാറില്ല. അതിനാൽ തന്നെ കർഷകർക്ക് ലഭിക്കുന്ന ലാഭം വളരെ കുറവായിരിക്കും.
നഷ്‌ടം രൂക്ഷമായ സാഹചര്യത്തിൽ മിക്ക കർഷകരും കമുക് കൃഷിയിൽ നിന്നും പിൻമാറി വാഴ, പച്ചക്കറികൾ എന്നിവ ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വിലക്കുറവിനൊപ്പം തന്നെ മഹാളി രോഗവും കർഷകർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഉണ്ടായ വിലവർധന കർഷകർക്ക് വലിയ ആശ്വാസമാണ്.
Read also: കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി