വയനാട്: ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്‌ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്‌ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്‌ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ഒവി അപ്പച്ചന്റെ വീടിന് മുമ്പിലാണ് കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഒവി അപ്പച്ചന്റെ ചുണ്ടക്കരയിലെ വീടിന് പുറകിലായുള്ള അര ഏക്കറോളംവരുന്ന സ്‌ഥലം 2019ൽ അഞ്ച് കുടുംബങ്ങൾ വാങ്ങിയിരുന്നു. വിളമ്പുകണ്ടം സ്വദേശികളായ സുനിതാലയം വീട്ടിൽ വികെ അനിൽ, കല്ലറയ്‌ക്കൽ സനീഷ്, ചുണ്ടക്കര സ്വദേശികളായ ജയിംസ് പുതിയവീട്ടിൽ, സനിൽ അമ്പലമൂട്ട്, കോട്ടത്തറ സ്വദേശി ടോമി എന്നിവരായിരുന്നു സ്‌ഥലം വാങ്ങിയത്.
സെന്റിന് 75,000 മുതൽ 77,000 രൂപവരെ നൽകി 7, 10 സെന്റ് വീതമായിരുന്നു ഇവർ വാങ്ങിയത്. രണ്ടു മാസംകൊണ്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് നൽകാമെന്ന ഉറപ്പിലായിരുന്നു സ്‌ഥലത്തിന്റെ വിൽപന. എന്നാൽ മൂന്നു വർഷമായിട്ടും സ്‌ഥലം ആധാരം ചെയ്‌ത് നൽകാതെ വഞ്ചിച്ചു എന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.
സ്‌ഥലത്ത് ഷെഡ്ഡും വീടും കിണറും വൈദ്യുതിയും എല്ലാം ഒരുക്കിയിട്ടുണ്ട്. ഈ സ്‌ഥലത്തിന്റെ രേഖകൾവെച്ച് ഒവി അപ്പച്ചൻ മുമ്പ് ബാങ്ക് വായ്‌പ എടുത്തിരുന്നു. വായ്‌പ തീർത്ത് ഉടൻ രജിസ്‌ട്രേഷൻ ചെയ്‌തു നൽകാമെന്നായിരുന്നു വ്യവസ്‌ഥ. താൽകാലിക എഗ്രിമെന്റ് എഴുതി മൊത്തം തുകയുടെ 70 ശതമാനത്തോളം പണം ഓരോ കുടുംബങ്ങളും ഉടമക്ക് നൽകിയെന്നാണ് സമരക്കാർ പറയുന്നത്.
പ്രശ്‌നത്തിന് വ്യാഴാഴ്‌ച രാവിലെ പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയിരുന്നു, ഇതും പാലിക്കാതെ വന്നതോടെയാണ് നാലു കുടുംബങ്ങൾ സമരവുമായെത്തിയത്. ഇതേത്തുടർന്ന് കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി. പരിഹാരം ആയില്ലെങ്കിൽ വെള്ളിയാഴ്‌ച സ്‌റ്റേഷനിലെത്താൻ ഇരുകൂട്ടർക്കും നിർദ്ദേശം നൽകി.
എന്നാൽ, ബാങ്ക് വായ്‌പ ഉള്ളതുകൊണ്ടാണ് സ്‌ഥലം ആധാരംചെയ്‌തു നൽകാൻ കാലതാമസം നേരിടുന്നതെന്നും സ്‌ഥലം വിറ്റെങ്കിലും ഉടൻ പണം തിരികെ നൽകുമെന്നും ഒവി അപ്പച്ചൻ പറഞ്ഞു.
Most Read: സംഘർഷം; അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു