പുൽപ്പള്ളി: കോവിഡ് വ്യാപനം അതിതീവ്രമായതിനാൽ പുൽപ്പള്ളി പഞ്ചായത്ത് ഒരാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്‌കുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ട് ഏഴ് മുതലാണ് ലോക്ക്‌ഡൗൺ. പല പ്രദേശങ്ങളിലും രോഗം പടരുകയാണ്. ടൗൺമേഖല ഉൾപ്പെടുന്ന 5, 6, 7 വാർഡുകളിലാണ് വ്യാപനം രൂക്ഷം.
പന്ത്രണ്ടാം വാർഡ് കളനടിക്കൊല്ലിയിൽ കഴിഞ്ഞ ദിവസം യുവാവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവിൽ പഞ്ചായത്തിൽ ഇരുനൂറോളം പേർ രോഗബാധിതരാണ്. ബാങ്കുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും വലിയ തിരക്കാണ്. ആദിവാസി വിഭാഗങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കക്കിടയായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തി ആയിരത്തിലധികം പേർക്ക് കുത്തിവെപ്പ് നടത്തി. ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നതിനാലാണ് അടച്ചിടൽ തിങ്കളാഴ്‌ച വൈകീട്ടത്തേക്ക് നീട്ടിയത്.
അത്യാവശ്യ കാര്യങ്ങൾ പകൽ നിർവഹിക്കണം. വൈകീട്ട് ഏഴോടെ ഒരാഴ്‌ചത്തേക്ക് പഞ്ചായത്ത് പൂർണമായും അടയ്‌ക്കുമെന്ന് പഞ്ചായത്തിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തിയിട്ടുണ്ട്. ആളുകൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Read Also: കോവിഡ്; ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു