തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് താൽക്കാലികമായി മാറ്റിവച്ചത്. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മെയ് മാസത്തിൽ കോവിഡ് വ്യാപന തോത് പരിശോധിച്ച ശേഷം പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ കോവിഡ് തീവ്രമായി തുടരുകയാണെങ്കിൽ പ്രായോഗിക പരീക്ഷ പൂർണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്‌ചയിക്കാനാണ് ആലോചന.
കോവിഡ് രൂക്ഷമാകുന്ന സമയത്ത് ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ നടത്താനുള്ള നീക്കത്തിനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും.
പരീക്ഷ മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. 28ആം തീയതി മുതൽ പ്രായോഗിക പരീക്ഷകൾ നടത്താനായിരുന്നു നേരത്തെയുള്ള നിർദേശം.
Also Read: തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും; സർവകകക്ഷി യോഗം വിളിച്ച് സർക്കാർ