തിരുവനന്തപുരം: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ച് ശ്രീലേഖ. ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് ഈ രാജി കനത്ത തിരിച്ചടിയാണ് നൽകുന്നത്.
മേയർ സ്‌ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്‌തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. സെപ്‌തംബർ 30ന് ശ്രീലേഖ രാജിക്കത്ത് മേയർ വിവി രാജേഷിന് കൈമാറിയിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. രാജി കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചു. എന്നാൽ, സ്വകാര്യ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്‌ച കലക്‌ടർക്ക് കത്ത് നൽകുമെന്നും അവർ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വവുമായി ശ്രീലേഖയ്‌ക്ക് തുടക്കം മുതൽ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോർപറേഷൻ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്‌ഥാനം നൽകാത്തതിൽ ശ്രീലേഖയ്‌ക്ക് അതൃപ്‌തി ഉണ്ടായിരുന്നു. പ്രചാരണ ഘട്ടത്തിൽ ശ്രീലേഖയെ പാർട്ടി ഉയർത്തിക്കാട്ടിയെങ്കിലും അതിനുശേഷം അവരെ ഒഴിവാക്കി വിവി രാജേഷിനെ മേയറാക്കി നിശ്‌ചയിക്കുകയായിരുന്നു.
ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്‌ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വാതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്‌ക്കുള്ളത്. രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്‌തു.
ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരു കൗൺസിലർ ജയിലിലാണ്. അതേസമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തും.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി




































