ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 1991 മുതല്‍ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മോചിപ്പിച്ചത്.
ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയിൽ മോചിപ്പിച്ചിരുന്നു. നളിനിയുടെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെ ശ്രീലങ്കൻ പൗരൻമാരായതിനാൽ തിരുച്ചിറപ്പള്ളി പ്രത്യേക ക്യാംപിലേക്കു മാറ്റും. രേഖകളില്ലാതെ തമിഴ് നാട്ടിലെത്തുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന ക്യാംപാണിത്.
കോടതി ഉത്തരവ് ജയിലുകളിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് എല്‍ടിടി തീവ്രവാദികള്‍ വധിച്ചത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കേസിലെ പ്രതികളായ ഈ ആറുപേരും വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. പല ഘട്ടങ്ങളിലായി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇവരോട് ക്ഷമിച്ചതായി പലവട്ടം വ്യക്‌തമാക്കിയിരുന്നു. താനും പ്രിയങ്കയും പിതാവിന്റെ ഘാതകരോട് പൊറുത്തതായും അഛന്റെ കൊലയാളികളെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും രാഹുല്‍ പലവട്ടം വ്യക്‌തമാക്കിയിട്ടുമുണ്ട്.
എന്നാൽ, ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല കോൺഗ്രസിന്റേതെന്നും ഒരു തരത്തിലും വിധി അംഗീകരിക്കാൻ ആകില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നത് എങ്ങനെയെന്നും മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ എന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ചോദിച്ചിരുന്നു. അതേസമയം, ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്റെ ശബ്‌ദമാണ് സുപ്രീം കോടതി വിധിയെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രതികരിച്ചത്.
Related Read: രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ്