ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍

പ്രതികളെ മോചിപ്പിച്ച വിഷയത്തിൽ കോൺഗ്രസ് വിയോജിക്കുമ്പോഴും പ്രിയങ്ക ഗാന്ധി 2008ൽ ജയിലിലെത്തി നളിനിയെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു. ദയാപരമായ സമീപനം പ്രതികളോട് ഉണ്ടാകണെമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും 1999ൽ സോണിയ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. അഛന്റെ കൊലയാളികളെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് രാഹുലും പലവട്ടം വ്യക്‌തമാക്കിയിട്ടുണ്ട്.

By Central Desk, Malabar News
Thanks to the Gandhi family; Says Nalini Sriharan
നളിനി വീട്ടിൽ മാദ്ധ്യങ്ങളെ കാണുന്നു

ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 30 വർഷങ്ങൾക്ക് ശേഷം ജയില്‍ മോചിതയാകാൻ കഴിഞ്ഞതിൽ ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി ശ്രീഹരന്‍. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോടും നളിനി നന്ദി പ്രകടിപ്പിച്ചു.

നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിലും ജയിൽ ജീവിതം പരിഗണിച്ച് പ്രതികളെ മോചിപ്പിച്ചപ്പോൾ പ്രസ്‌തുത വിധിയെ ചോദ്യം ചെയ്യാതെയും ഗാന്ധി കുടുംബം കാണിക്കുന്ന സൗമനസ്യമാണ് നളിനി ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ ഒഴിവാക്കാനും ഇപ്പോൾ പുറത്തിറങ്ങാനും സഹായകമായത്. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള നടപടികൾക്കു പിന്നിൽ സോണിയ ഗാന്ധിയുടെയും മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും ഇടപെടൽ നിർണായകമായിരുന്നു. ഇതുകൊണ്ടാണ് നളിനി ഇവർക്ക് നന്ദി അറിയിച്ചത്.

പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മോചിതയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഗാന്ധി കുടുംബത്തോട് നന്ദിയുണ്ട്. ഇനി ഗാന്ധി കുടുംബത്തെ കാണാനുള്ള സാധ്യതയില്ലെന്നും ദേശീയവാർത്താ മാദ്ധ്യമങ്ങളോട് നളിനി പറഞ്ഞു.

ഇനി കുടുംബത്തോടൊപ്പം കഴിയണം. കുടുംബാംഗങ്ങളെല്ലാം വളരെക്കാലമായി കാത്തിരിക്കുകയാണ്. ഇനിയുള്ള കാലം ഭര്‍ത്താവിനൊപ്പം കഴിയും. ഭര്‍ത്താവിന് എവിടെ താമസിക്കാനാണോ ഇഷ്‌ടം, മകളുമായി അവിടെ സ്‌ഥിര താമസമാക്കുമെന്നും നളിനി വ്യക്‌തമാക്കി. ലണ്ടനില്‍ ഡോക്‌ടറായ മകള്‍ ഹരിത്ര അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. യാത്രക്കായി പാസ്‌പോർട്ട് –വീസ നടപടികൾ ആരംഭിച്ചതായും നളിനി പറഞ്ഞു. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണന്നും നളിനി പറഞ്ഞു.

രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപുത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണ് നളിനി. ഇതേകേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട് ഇവരോടപ്പം പുറത്തിറങ്ങി, ശ്രീലങ്കൻ പൗരനായതിനാൽ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയ ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ തിരിച്ചയക്കരുതെന്നും തന്നോടൊപ്പം ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്നും നളിനി അഭ്യർഥിച്ചു

താനും പ്രിയങ്കയും പിതാവിന്റെ ഘാതകരോട് പൊറുത്തതായും അഛന്റെ കൊലയാളികളെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും രാഹുല്‍ ഗാന്ധി പലവട്ടം വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നിലപാട് ഇതല്ലെന്നും വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നുമാണ് മനു അഭിഷേക് സിംഗ്വി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പാർട്ടി നേതാക്കളായ ജയറാം രമേശ്, രൺദീപ് സുർജേവാല തുടങ്ങിയവരും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ തുടർ നടപടികൾക്കായി സാധ്യമായ നിയമവഴികൾ തേടുമെന്നും ഇവർ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാൽ, രാജീവ് വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഒഴിവാക്കണമെന്ന് 1999ൽ തന്നെ സോണിയ ഗാന്ധി അന്നത്തെ രാഷ്‌ട്രപതി കെആർ നാരായണനോട് ആവശ്യപ്പെട്ടിരുന്നു.

‘രാജീവിനെ നഷ്‌ടപ്പെട്ട ഞാനും മക്കൾ രാഹുലും പ്രിയങ്കയും പറഞ്ഞറിയിക്കാൻ സാധിക്കാത്ത മനോവേദനകളിലൂടെയാണ് ഓരോ പകലും രാത്രിയും കടന്നുപോകുന്നത്. എന്നാൽ, അതിന് ഉത്തരവാദികളായവരെ തൂക്കിലേറ്റണമെന്നു ഞാനോ മക്കളോ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു സോണിയാ ഗാന്ധി 1999ൽ കെആർ നാരായണനോട് പറഞ്ഞത്.

പിന്നീട്, 2008ൽ പ്രിയങ്ക ഗാന്ധി ജയിലിലെത്തി നളിനിയെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു. പ്രിയങ്ക ഗാന്ധി വെല്ലൂരിലെ ജയിലിലെത്തിയാണ് നളിനിയെ കണ്ടത്. കൂടിക്കാഴ്‌ചക്ക് ശേഷം നളിനിയോട് ക്ഷമിച്ചതായി പ്രിയങ്ക പരസ്യമായി പ്രതികരിച്ചിരുന്നു. പ്രതികളുടെ മോചനത്തെ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധിയും പിന്നീട് പലവട്ടം പറഞ്ഞു.

മഹാത്‌മാഗാന്ധി വധക്കേസിലെ പ്രതികളായ ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ ഉൾപ്പെടെയുള്ളവർക്കു ലഭിച്ച ജീവപര്യന്തം 14 വർഷം കഴിഞ്ഞപ്പോൾ ജവാഹർലാൽ നെഹ്റു തന്നെ ശിക്ഷയിളവ് നൽകി പുറത്തുവിട്ട ചരിത്രവും ഗാന്ധി കുടുംബത്തിനുണ്ട്.

1991ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ ശ്രീലങ്കൻ തമിഴ് പുലികൾ ചാവേർ സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയെ വധിച്ചത്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സമാധാന സേനയായി അയച്ച് പുലികളെ തകർക്കാൻ ശ്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇതെന്നാണ് എൽടിടിഇ വിശദീകരണം ഉണ്ടായത്.

Most Read: കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE