ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും; കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരി

ഡിസംബർ ആദ്യവാരം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്‌ഥാനാർഥി പട്ടികയിലാണ് ഹാര്‍ദികിന് സ്‌ഥാനം. ബിജെപിയിലേക്ക് ചേക്കേറും മുൻപ്, ഹാര്‍ദികിന് എതിരെ ചാർജ് ചെയ്‌തിരുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പടെയുള്ള 13 ക്രിമിനൽ കേസുകൾ ഗുജറാത്ത് സർക്കാർ, കേന്ദ്രസഹായത്തോടെ പിൻവലിച്ചിരുന്നു

By Central Desk, Malabar News
Hardik Patel contest from BJP seat_Patel community leader who left Congress
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരിയും ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പാട്ടിദാർ(പട്ടേൽ) അനാമത്ത് ആന്തോളൻ സമിതിയുടെ നേതാവുമായ ഹാര്‍ദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും. വിജയം ഉറപ്പുള്ള ഗുജറാത്തിലെ വിരാംഗം മണ്ഡലത്തില്‍ നിന്നാണ്‌ ഹാര്‍ദിക് പട്ടേൽ തിരഞ്ഞെടുപ്പിനെ നേരിടുക. പടിഞ്ഞാറെ ഗുജറാത്തിലെ ജനസംഖ്യയിൽ 20 ശതമാനത്തോളമാണ് പട്ടേൽ സമുദായ അംഗങ്ങളുള്ളത്.

182 നിയമസഭാ സീറ്റുകളാളുള്ള ഗുജറാത്തിലെ 160 സ്‌ഥാനാർഥികളെ ഒന്നാം ഘട്ടമായി ബിജെപി പ്രഖ്യാപിച്ചു. സംസ്‌ഥാന രാഷ്‌ട്രീയത്തിലെ പല പ്രമുഖരും ഒന്നാം ഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോദിയ മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുക. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, മുൻ മോർബി എംഎൽഎ കാന്തിലാൽ അമൃത്യ തുടങ്ങിയ പ്രമുഖർ ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഡിസംബർ 1നും 5നുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ, ബിജെപി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 77 സീറ്റുകളാണ് നേടിയത്. ഭാരതീയ ട്രൈബൽ പാർട്ടി 2 സീറ്റും എൻസിപി ഒരു സീറ്റും നേടിയിരുന്നു. 3 സ്വതന്ത്ര സ്‌ഥാനാർഥികളും വിജയിച്ചിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാട്ടിദാർ പ്രവർത്തകനായ ഹാർദിക് കോൺഗ്രസിൽ ചേർന്നത്. ശേഷം, 2020ൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായി. 2022 മെയ്‌മാസം 18നാണ് ഹാർദിക് കോൺഗ്രസ്‌ വിട്ടത്. കോൺഗ്രസ്‌ വിടുന്നതിന് തൊട്ടുമുൻപായി ബിജെപി നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ ഹാർദിക് പട്ടേലിന് എതിരായ ക്രിമിനൽ കേസുകളും രാജ്യദ്രോഹകുറ്റം ചുമത്തിയ കേസുകളും ഉൾപ്പടെ 2015 മുതൽ വിവിധ പ്രദേശങ്ങളിൽ ചാർജ് ചെയ്‌ത 13 കേസുകൾ പിൻവലിച്ചിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്‌റ്റിലായിരുന്ന ഹാര്‍ദിക് പട്ടേല്‍ പലവട്ടം ജയിലിലും കഴിഞ്ഞിട്ടുണ്ട്.

2015ൽ ഒബിസി ക്വാട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ഹാര്‍ദിക് പട്ടേല്‍ ആയിരുന്നു. ഇതോടെയാണ് ഇദ്ദേഹം ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. സമരത്തെത്തുടർന്ന് പോലീസ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളായിരുന്ന മഹാത്‌മാ ഗാന്ധി, ചന്ദ്രശേഖർ ആസാദ്, വല്ലഭായി പട്ടേൽ എന്നിവരായിരുന്നു തനിക്കു പ്രചോദനമെന്ന് അവകാശപ്പെടുന്ന വ്യക്‌തിയാണ്‌ ഹാര്‍ദിക്.

Most Read: ഗവർണറുടെ മാദ്ധ്യമ വിലക്ക്; വ്യാപക പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE