രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ്

ഉത്തരവിൽ, ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല കോൺഗ്രസിനെന്നും ഈ ഉത്തരവിനെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കി.

By Central Desk, Malabar News
Rajiv Gandhi Assassination _ Congress against the order to release the accused
Ajwa Travels

ന്യൂഡെൽഹി: മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്‌റ്റിസ്‌ ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നത് എങ്ങനെയെന്നും മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ എന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചു. ഗാന്ധി കുടുംബത്തിന്റെയും തമിഴ്‌നാട്‌ സർക്കാരിന്റെയും നിലപാടല്ല കോൺഗ്രസിൻ്റേതെന്നും ഇദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിയെ വധിച്ചകേസിൽ തമിഴ്‌നാട്‌ സർക്കാരിന്റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയർത്തി പിടിക്കണമായിരുന്നു. കോൺഗ്രസ് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായി നേരിടും. സംഭവത്തില്‍ പ്രതികരണവുമായി മനു അഭിഷേക് സിംഗ്വി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതികളുടെ മോചനം രാജ്യത്തിന്റെ മുഴുവന്‍ സ്വത്വബോധത്തെയും ഇളക്കിമറിച്ചതായും പ്രതികള്‍ മോചനത്തിന് അര്‍ഹരല്ലെന്നും ഇദ്ദേഹം വിശദീകരിച്ചു. സുപ്രീം കോടതി വിധി അംഗീകരിക്കാൻ കഴിയാത്തതും പൊറുക്കാനാകാത്തതും തെറ്റാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ ഈ വര്‍ഷം മേയില്‍ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങിനൽകി എന്നായിരുന്നു പേരറിവാളനെതിരെയുള്ള കുറ്റം. എന്നാൽ, ബാറ്ററി വാങ്ങി നൽകിയത് എന്തിനായിരുന്നു എന്നത് പേരറിവാളന് അറിയില്ലായിരുന്നു എന്നത് പിന്നീട് സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥനായ ത്യാഗരാജൻ 2017ൽ വെളിപ്പെടുത്തിയിരുന്നു.

പേരറിവാളനെ വിട്ടയക്കാനുള്ള ഉത്തരവ് ബാക്കിയുള്ള പ്രതികള്‍ക്കും ബാധകമാകും എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. നളിനി, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പോയസ് എന്നിവരാണ് 1991 മുതല്‍ 30 വർഷമായി ജയിലിൽ കഴിയുന്ന പ്രതികൾ. ഇതിൽ, നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് സോണിയ ഗാന്ധിയുടെ ഇടപെടലിന്റെ ഫലമായിരുന്നു.

ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ആറു പേരുടെയും മോചനം. പേരറിവാളനെ പോലെ ഇവരെയും മോചിപ്പിക്കാന്‍ 2018ൽ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തിരുന്നു. ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടക്കൊണ്ടുപോയി.

ഈ സാഹചര്യത്തിലാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചതും വിടുതൽ ഉത്തരവ് നേടിയതും. അതേസമയം, ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്റെ ശബ്‌ദമാണ് സുപ്രീം കോടതി വിധിയെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രതികരിച്ചത്.

എന്നാൽ, താനും പ്രിയങ്കയും പിതാവിന്റെ ഘാതകരോട് പൊറുത്തതായും അഛന്റെ കൊലയാളികളെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും രാഹുല്‍ പലവട്ടം വ്യക്‌തമാക്കിയിട്ടുണ്ട്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ എല്‍ടിടി തീവ്രവാദികള്‍ വധിച്ചത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പേര്‍ക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1999ല്‍ പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് മാത്രമായി സുപ്രീം കോടതി വധശിക്ഷ ചുരുക്കി. ഈ നാല് പേരുടെ വധശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ഇരുപത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്‌തിരുന്നത്‌.

Most Read: ഇലന്തൂരിലെ നരബലി: ഷാഫി കൂടുതല്‍ പേരെ വകവരുത്തിയെന്ന് സൂചനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE