ന്യൂഡെൽഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക് ഉണര്‍വേകി വീട് വില്‍പന കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ ത്രൈമാസ ഭവന വില്‍പന 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഏഴ് മുന്‍നിര നഗരങ്ങളിലായി കഴിഞ്ഞ പാദത്തില്‍ 99,550 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 58,290 യൂണിറ്റുകളുടെ വില്‍പനയെ അപേക്ഷിച്ച് 71 ശതമാനം വര്‍ധനവാണിതിൽ രേഖപ്പെടുത്തിയത്.
കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, പൂനെ, ബെംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ (എംഎംആര്‍), ഡെൽഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍) എന്നീ ഏഴ് നഗരങ്ങളിലെ വീട് വില്‍പനയാണ് കുത്തനെ ഉയര്‍ന്നത്. റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്‌ഥാപനമായ അനാറോക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട് പുറത്തുവിട്ടത്.
നഗരങ്ങളില്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ (എംഎംആര്‍), ഡെൽഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍) എന്നിവിടങ്ങളിൽ അൽഭുതകരമായ കുതിച്ചു ചാട്ടം വിൽപനയിൽ രേഖപ്പെടുത്തി. മൊത്തം വിൽപനയുടെ 48 ശതമാനവും ഈ രണ്ട് മേഖലകളിൽ നിന്നാണ്. കോവിഡ് കുറഞ്ഞതോടെയാണ് റിയൽ എസ്‌റ്റേറ്റ് മേഖല തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്.
Read Also: ഈസ്‌റ്റർ-വിഷു പ്രമാണിച്ച് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി