ബെയ്‌ജിംഗ്: മാലദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ചു മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കിയതിന്റെ പശ്‌ചാത്തലത്തിലാണ് കൂടുതൽ സഞ്ചാരികളെ അയക്കാൻ ചൈനയോട് അഭ്യർഥിച്ചിരിക്കുന്നത്. ചൈനയുമായി മാലദ്വീപിന് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പറഞ്ഞ പ്രസിഡണ്ട് മുഹമ്മദ് മുയിസു, ചൈന മാലദ്വീപിന്റെ വികസന പങ്കാളിയാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം, 2014ൽ ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ് തുടക്കം കുറിച്ച ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീർത്തിച്ചു.
‘കൊവിഡിന് മുൻപ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്‌ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യർഥന’- പ്രസിഡണ്ട് മുഹമ്മദ് മുയിസു പറഞ്ഞു. അതേസമയം, മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്‌റ്റുകളിൽ ഒന്നാമത് ഇന്ത്യക്കാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രി നടത്തിയ മോശം പരാമർശത്തിന് പിന്നാലെയാണ് മാലിദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വന്നത്. വിവാദ പരാമർശം നടത്തിയ മാലദ്വീപ് യുവജനകാര്യ മന്ത്രി മറിയം ഷിവുനയെയും മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സസ്‌പെൻഡ് ചെയ്‌തിരുന്നു.
‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്‌റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്‌സ് പ്‌ളാറ്റ്‌ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ അതൃപ്‍തി അറിയിച്ചിരുന്നു. പിന്നീട് പോസ്‌റ്റ് റിമൂവ് ചെയ്‌ത്, സംഭവത്തിൽ വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും അവർ പ്രസ്‌താവനയിൽ അറിയിച്ചു.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ, ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന ആഹ്വാനവുമായി നിരവധി ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ സഹിതമാണ് ചിലർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. ഇതിനിടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തി.
Most Read| ശിവസേനയിലെ അയോഗ്യതാ കേസിൽ വിധി ഇന്ന്; ചങ്കിടിപ്പോടെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ