ശിവസേനയിലെ അയോഗ്യതാ കേസിൽ വിധി ഇന്ന്; ചങ്കിടിപ്പോടെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ

എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും സമർപ്പിച്ച ഹരജികളിലാണ് സ്‌പീക്കർ രാഹുൽ നർവേക്കർ ഇന്ന് വൈകിട്ട് നാല് മണിക്ക് വിധി പറയുക.

By Trainee Reporter, Malabar News
uddhav, shinde
Ajwa Travels

മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ വിധി ഇന്ന്. എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും സമർപ്പിച്ച ഹരജികളിലാണ് സ്‌പീക്കർ രാഹുൽ നർവേക്കർ ഇന്ന് വൈകിട്ട് നാല് മണിക്ക് വിധി പറയുക.

സുപ്രീം കോടതി അനുവദിച്ച സമരപരിധി ഇന്ന് അവസാനിക്കവേയാണ് വിധി പറയുന്നത്. അട്ടിമറിയിലൂടെ മുഖ്യമന്ത്രിപദം പിടിച്ചെടുത്ത ഷിൻഡെയുടെ രാഷ്‌ട്രീയ ഭാവി നിർണയിക്കുന്നതാണ് വിധി. അനുകൂല വിധി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇരുപക്ഷവും ഇതിനോടകം വ്യക്‌തമാക്കിയിട്ടുണ്ട്. അയോഗ്യതയുമായി ബന്ധപ്പെട്ടു 34 പരാതികളാണ് സ്‌പീക്കർക്ക് മുന്നിലുള്ളത്. ഇവയെ ആറായി തിരിച്ചാണ് പരിഗണിച്ചത്.

ഇരു വിഭാഗങ്ങളുടെയും അന്തിമവാദം കേൾക്കൽ ഡിസംബർ 20ന് പൂർത്തിയായിരുന്നു. 54 എംഎൽഎമാരാണ് അവിഭക്‌ത ശിവസേനയിൽ ഉണ്ടായിരുന്നത്. ഇതിൽ 40 പേരാണ് ഷിൻഡെ പക്ഷത്തേക്ക് മാറിയത്. ഷിൻഡെ പക്ഷത്തെ ഓരോ എംഎൽഎമാരും 6000 പേജുകളുള്ള അനുബന്ധ രേഖകളാണ് കൈമാറിയിരിക്കുന്നത്.

2022 ജൂണിൽ ഏക്‌നാഥ്‌ ഷിൻഡെയും ഒരു വിഭാഗം ശിവസേനാ എംഎൽഎമാരും നടത്തിയ വിമത നീക്കമാണ് ശിവസേനയുടെ പിളർപ്പിനും, ഉദ്ധവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും എൻസിപിയുടെയും പങ്കാളിത്തത്തോടെയുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെയും പതനത്തിന് കാരണമായത്. തുടർന്ന് ഷിൻഡെ അടക്കമുള്ള വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് പക്ഷം അന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കറെ സമീപിച്ചു.

ഉദ്ധവ് പക്ഷത്തിന്റെ അയോഗ്യത ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗവും കത്ത് നൽകി. മഹാ വികാസ് അഘാഡി സർക്കാരിനെ വീഴ്‌ത്തിയ ബിജെപി, സ്‌പീക്കറായി സ്വന്തം പാർട്ടിയിൽ നിന്നുള്ള രാഹുൽ നർവേക്കറെ നിയോഗിച്ചതോടെ ഉദ്ധവ് വിഭാഗം നൽകിയ അയോഗ്യതാ ഹരജിയിൽ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. തുടർന്ന് സ്‌പീക്കറുടെ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അയോഗ്യതാ വിഷയത്തിൽ അന്തിമതീരുമാനം സ്‌പീക്കർക്ക് തന്നെ കൈമാറിയ സുപ്രീം കോടതി മെല്ലെപ്പോക്കിന് സ്‌പീക്കർക്ക് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഡിസംബർ 31ന് തീർപ്പ് കൽപ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ, സ്‌പീക്കറുടെ അപേക്ഷയെ തുടർന്ന് ഈ മാസം പത്ത് വരെ സമയം നീട്ടി നൽകി.

അതിനിടെ, കേസിൽ ഇന്ന് വിധി പറയാനിരിക്കെ കഴിഞ്ഞ ദിവസം രാഹുൽ നർവേക്കർ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്‌ചയെങ്കിലും തന്റെ നിയമസഭാ മണ്ഡലത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് സ്‌പീക്കറുടെ വാദം. സ്‍പീക്കറുടെ തീരുമാനം ഷിൻഡെക്ക് എതിരാകാൻ സാധ്യത കുറവാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. മറിച്ചാണ് വിധിയെങ്കിൽ ഷിൻഡെയുടെ രാഷ്‌ട്രീയ ഭാവിക്ക് വെല്ലുവിളിയാകും.

Most Read| അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE