ന്യൂഡെൽഹി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത്‌ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനാണെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് വനിതാ കോച്ചിന്റെ പരാതി.
ജിമ്മിൽ വെച്ച് പരിചയപ്പെട്ട തന്നെ ഇൻസ്‌റ്റഗ്രാമിലൂടെയാണ് സിംഗ് പരിചയപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. സമാനമായ രീതിയിൽ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗികമായി ആക്രമിച്ചതായി പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ ഛത്തീസ്‌ഗഡ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
2022 ജൂലൈ ഒന്നിനാണ് പീഡനം നടന്നതെന്ന് വനിതാ കോച്ച് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ പേരിലാണ് മന്ത്രി വസതിയിലേക്ക് വിളിച്ചുവരുത്തിയതെന്നും, തുടർന്നാണ് ലൈംഗികാതിക്രമം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ പഞ്ച്കുളയിൽ കായികവകുപ്പിൽ പരിശീലകയായി ചേർന്നെങ്കിലും മന്ത്രി ഇടപെട്ട് ജജ്‌ജാറിലേക്ക് മാറ്റുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
തന്റെ പക്കൽ ശക്‌തമായ തെളിവുകൾ ഉണ്ടെന്നും അത് പോലീസിൽ ഹാജരാക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു. അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയും വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള സിറ്റിംഗ് ബിജെപി എംഎൽഎയായ സന്ദീപ് സിംഗ്, ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്‌ജിന്റെ 2018ൽ പുറത്തിറങ്ങിയ ‘സൂർമ’ എന്ന ചിത്രം സന്ദീപ് സിംഗിനെ കുറിച്ചുള്ള ബയോപിക് ആണ്.
Most Read: മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് നിയമോപദേശം; സജി ചെറിയാൻ മന്ത്രിയാകും