തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്‌ഞയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്‌ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഇതോടെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിലുള്ള തടസങ്ങൾ ഒഴിവായി.
സ്‌റ്റാൻഡിങ് കൗൺസിലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. വിഷയത്തിൽ ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്‌തത തേടാം. ഇതിനായി മുഖ്യമന്ത്രിയെ സമീപിക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് സ്‌റ്റാൻഡിങ് കൗൺസിൽ അറിയിച്ചു.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാൻ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിയായി സ്‌ഥാനം ഏൽക്കുന്നത്.
സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകൾ തന്നെ നൽകാനാണ് ധാരണ. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെ സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നത്.
ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ ആവർത്തിച്ച് പറയുന്നത് . ഭരണഘടനയെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്നലെയും പറഞ്ഞു. മന്ത്രി സ്‌ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിവാദം ഉണ്ടായപ്പോൾ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിവെച്ചത്. അതിന് ശേഷം അഞ്ചു മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ പ്രതികരിച്ചു.
Most Read: ആറ് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിറ്റ് നിർബന്ധം