ന്യൂഡെൽഹി: കോൺഗ്രസിലേക്ക് മടങ്ങി എത്തുന്നുവെന്ന വാർത്ത തള്ളി കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. വാർത്ത തന്നെ ഞെട്ടിച്ചുവെന്നും കോൺഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്നത് അടിസ്‌ഥാന രഹിതമായ വർത്തയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
”കോൺഗ്രസ് നേതാക്കളുമായി താൻ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്ന റിപ്പോർട്ടുകൾ തന്നെ അൽഭുതപ്പെടുത്തുന്നു. സ്‌ഥാപിത താൽപര്യക്കാരായ ചില നേതാക്കളാണ് വാർത്തകൾക്ക് പിന്നിലെന്നും” ഗുലാം നബി ആസാദ് പ്രതികരിച്ചു. ”തന്നെ പിന്തുണക്കുന്ന പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയും തന്നിലുള്ള വിശ്വാസം തകർക്കുകയും മാത്രമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ള ലക്ഷ്യമെന്നും” അദ്ദേഹം പറഞ്ഞു.
എന്ത് തെറ്റായ വാർത്തയും പ്രചരിച്ചോട്ടെ. തങ്ങൾ അതിനെതിരായി ശക്‌തിയാർജിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്‌തമാക്കി. കോൺഗ്രസ് വിടുന്നതിന് മുമ്പ് ഞാൻ ആരെയും ചെളി വാരി എറിയാൻ ശ്രമിച്ചിട്ടില്ല. എനിക്കെന്താണോ പറയാനുള്ളത് അത് വ്യക്‌തമായി പറഞ്ഞു രാജിക്കത്ത് നൽകുകയായിരുന്നു. ഇപ്പോൾ ഞാൻ സഞ്ചരിക്കുന്നത് എന്റെ വഴിയിലൂടെയാണ്. ആ സമയത്ത് എന്നെ വിശ്വസിച്ച ആളുകളെ സേവിക്കാൻ ഞാൻ ബാധ്യസ്‌ഥനാണ്-ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം കശ്‌മീരിൽ എത്തുമ്പോൾ ഗുലാം നബി ആസാദ് പങ്കെടുക്കുകയും കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നുമായിരുന്നു നടന്നിരുന്ന പ്രചാരണം. എന്നാൽ, ഈ ആരോപണം തള്ളിക്കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.
ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പ് സമയത്ത് ഗുലാം നബി ആസാദ് കോൺഗ്രസിനെ പ്രകീർത്തിച്ചു രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന ചർച്ചകൾക്ക് തുടക്കമായത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഗുലാം നബി ആസാദ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്.
Most Read: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ