കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി-കെഎസ്‌യു പ്രവർത്തകർ ആണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
കോളേജിലെ നാടക പരിശീലനവുമായി ബന്ധപ്പെട്ടു സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് സൂചന. കോളേജിൽ കുറച്ചു ദിവസമായി സംഘർഷം ഉടലെടുത്തിരുന്നു.
ഇതിന്റെ തുടർച്ചയാണ് യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമണമെന്നാണ് പ്രാഥമിക നിഗമനം. നാസർ അബ്‌ദുൽ റഹ്‌മാൻ നാടകോൽസവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞു പരിശീലനത്തിന് ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടിവാളും ബിയർ കുപ്പികൊണ്ടും അക്രമിച്ചെന്നാണ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ പറയുന്നത്.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ