പയ്യോളി: നഗരസഭയിൽ 20ആം ഡിവിഷനായ നെല്യേരി മാണിക്കോത്ത് 6 വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛർദിയും പിടിപ്പെട്ടതിനെ തുടർന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടുകയായിരുന്നു. വ്യാഴാഴ്‌ചയാണ് കുട്ടിക്ക് രോഗം സ്‌ഥിരീകരിച്ചത്. എന്നാൽ വീട്ടിലെ മറ്റുള്ളവർക്കോ സമീപവാസികൾക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
പ്രദേശത്തെ അമ്പതോളം വീടുകളിൽ അധികൃതർ ജാഗ്രത നിർദേശവും സമീപത്തെ പ്രിയദർശിനി ശിശുമന്ദിരത്തിൽ ബോധവൽക്കരണ ക്ളാസും നടത്തി. വീടുകളിലെ കിണറുകൾ ക്‌ളോറിനേറ്റ് ചെയ്യുകയും വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.
ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്ഐ മിനി, ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ്, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവുവെന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ ബൈജു അറിയിച്ചു.
Read also: ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു; തൃശൂരിൽ മൂന്നംഗ കുടുംബം ആത്‌മഹത്യ ചെയ്‌തു