ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്, റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടയിലാണ് 2020 ഒക്‌ടോബർ അഞ്ചിന് ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമാണ് ഇദ്ദേഹം. നേരത്തെ തൽസമയം, തേജസ് തുടങ്ങിയ ദിനപത്രങ്ങളിലും സിദ്ധീഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By Central Desk, Malabar News
siddique kappan bail granted

ന്യൂഡെൽഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 2 വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറാഴ്‌ച്ച ഡെൽഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങാം.

കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ആറാഴ്‌ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാമെന്ന് കോടതി നിർദ്ദേശിച്ചത്. 2020 ഒക്‌ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്‌. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്‌റ്റ്.

നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചതായും കാപ്പന്റെ ലേഖനങ്ങൾ മുസ്‌ലിം സമുദായത്തിനുള്ളിൽ പ്രകോപനം സൃഷ്‌ടിക്കുന്നവയായിരുന്നുവെന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

ചീഫ് ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന്‍ ആറാഴ്ച്ച ഡല്‍ഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തിനൊപ്പം കേസന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായും കേസിലെ കുറ്റാരോപിതരുമായും കൂടിക്കാഴ്‌ച നടത്തരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേസന്വേഷണം ലക്‌നൗവില്‍ നടക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പനും ലക്‌നൗവില്‍ തുടരണമെന്നാണ് കോടതി ആദ്യം പറഞ്ഞത്. എന്നാല്‍ സിദ്ദീഖ് കാപ്പന് നിലവില്‍ ജോലിയില്ലെന്നും കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും അഭിഭാഷകനായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആറാഴ്‌ച ഡെല്‍ഹിയില്‍ തങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങിയാലും ലോക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ ഇഡി രജിസ്‌റ്റർ ചെയ്‌ത കേസില്‍ കൂടി ജാമ്യം ലഭിച്ചെങ്കില്‍ മാത്രമെ കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയൂ. ഈ കേസില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

Most Read: സിദ്ദിഖ് കാപ്പൻ വിഷയത്തിലെ മറ്റുവാർത്തകൾ ഇവിടെ വായിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE