കാസർഗോഡ്: ജില്ലയിലെ വലിയപറമ്പ് ദ്വീപിന്റെ തെക്കൻ മേഖലയിലെ ജനങ്ങളുടെ ഗതാഗത ദുരിതത്തിന് പരിഹാരം. മേഖലയിലെ ഗതാഗത ദുരിതം പരിഹരിക്കാനായി യാത്രാബോട്ടുകൾ എത്തി. ജീവനക്കാരടക്കം 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ബോട്ട് നിർമിച്ചത്. എം രാജഗോപാൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് ബോട്ട് നിർമിച്ചത്. സംസ്‌ഥാനത്ത് ആദ്യമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പതിനഞ്ചര ലക്ഷം രൂപാ ചിലവിൽ ഗോവ ആസ്‌ഥാനമായ വിജയ്‌മറൈൻ കമ്പനിയാണ് ബോട്ട് നിർമിച്ച് നൽകിയത്. ഗോവയിൽ നിന്ന് റോഡ് മാർഗം മടക്കര മൽസ്യബന്ധന തുറമുഖത്ത് എത്തിച്ച ബോട്ട് കവ്വായി കായലിലൂടെ മാടക്കലിൽ എത്തിച്ചു. പരീക്ഷണ ഓട്ടം നടത്തി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം വലിയപറമ്പ് പഞ്ചായത്തിന് കൈമാറും.
മാടക്കാൽ-തൃക്കരിപ്പൂർ -കടപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിച്ച് നാല് കോടി രൂപ ചിലവിട്ട് നിർമിച്ച തൂക്ക് പാലം 2013 ജൂൺ 27ന് തകർന്നിരുന്നു. ഇതോടെയാണ് ഇവിടെ ഗതാഗത പ്രശ്‌നം രൂക്ഷമായത്. ഇതിനിടെ ആകെയുണ്ടായിരുന്ന കടത്ത് വഞ്ചിയും അപകടത്തിൽ പെട്ടതോടെ യാത്രാ മാർഗം പൂർണമായി ഇല്ലാതായ അവസ്‌ഥയിൽ ആയിരുന്നു. ഇതിന് പരിഹാരം എന്നോണമാണ് യാത്രാബോട്ടുകൾ ആരംഭിക്കുന്നത്.
Read Also: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധം