‘മാർബർഗ്’ വൈറസ് വ്യാപനം; എന്താണ് രോഗം? അറിയാം ലക്ഷണങ്ങൾ

എംബോള വൈറസിന് സമാനമായി വളരെയധികം ഗുരുതരമായ വൈറസാണ് മാർബർഗ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

By Trainee Reporter, Malabar News
marburg virus
Rep. Image
Ajwa Travels

ആഫ്രിക്കൻ രാജ്യങ്ങളിൽ ‘മാർബർഗ്’ വൈറസ് രോഗവ്യാപനം സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൻ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. തിങ്കളാഴ്‌ച ആണ് ലോകാരോഗ്യ സംഘടന വൈറസ് വ്യാപനം സ്‌ഥിരീകരിച്ചത്‌.

ഒമ്പത് മരണങ്ങൾക്ക് പുറമെ, 16 ഓളം സംശയാസ്‌പദമായ കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. 200ഓളം പേരെ ക്വാറന്റെയ്‌നിൽ ആക്കിയിട്ടുണ്ട്. എംബോള വൈറസിന് സമാനമായി വളരെയധികം ഗുരുതരമായ വൈറസാണ് മാർബർഗ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. രോഗം മൂലമുള്ള മരണനിരക്ക് 88 ശതമാനം വരെയാണ്.

വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇക്വറ്റോറിയൻ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. എപ്പിഡെമിയോളജി, കേസ് മാനേജ്‌മെന്റ്, അണുബാധ തടയൽ, ലബോറട്ടറി, റിസ്‌ക് കമ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ആരോഗ്യ അടിയന്തരാവസ്‌ഥ കൈകാര്യം ചെയ്യുന്ന വിദഗ്‌ധരെയാണ് സംഘടന ഗിനിയയിൽ വിന്യസിച്ചിട്ടുള്ളത്.

ഇക്വറ്റോറിയൻ ഗിനിയയിൽ രോഗം വളരെ വേഗം സ്‌ഥിരീകരിച്ചതിനാൽ നടപടികൾ വേഗത്തിലാക്കാനാകുമെന്നും അതിനാൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നും വൈറസ് എത്രയും വേഗം തടയാനാകുമെന്നും, ലോകാരോഗ്യ സംഘടനാ ആഫ്രിക്കൻ റീജിയണൽ ഡയറക്‌ടർ ഡോ. മത്‌ഷിദിസോ മോയെറ്റി വ്യക്‌തമാക്കി.

അംഗോള, ഡിആർ കോംഗോ, ഗിനിയ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവ ഉൾപ്പടെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ ഇതിനു മുൻപ് ഇടയ്‌ക്കിടയ്‌ക്ക് മാർബർഗ് വൈറസ് റിപ്പോർട് ചെയ്‌തിട്ടുണ്ടെങ്കിലും, മധ്യ ആഫ്രിക്കൻ രാജ്യത്ത് ഇത് ആദ്യമായാണ് സ്‌ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഘാനയിൽ മാർബർഗ് വൈറസ് ബാധിച്ചു രണ്ടു മരണങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, സെപ്‌റ്റംബറിൽ രോഗവ്യാപനം അവസാനിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.

എന്താണ് ‘മാർബർഗ്’ വൈറസ്

എംബോള പോലെത്തന്നെ, ‘മാർബർഗ്’ വൈറസ് വവ്വാലുകളിൽ നിന്ന് ഉൽഭവിക്കുന്ന ഒരുതരം വൈറസാണിത്. വൈറസ് ശരീരത്തിലെത്തി ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാവുക.

marburg virus

വൈറസിന്റെ ലക്ഷണങ്ങൾ

‘മാർബർഗ്’ വൈറസ് വളരെ വേഗത്തിൽ പകരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. എംബോള വൈറസിന് കാരണമായ അതേ വൈറസ് കുടുംബത്തിലാണ് മാർബർഗ് വൈറസും ഉൾപ്പെടുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ദേഹാസ്വാസ്‌ഥ്യം, ഛർദി, വയറുവേദന എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ചിലർക്ക് രക്‌തം ഛർദിക്കുകയോ മലത്തിലൂടെ രക്‌തം പോവുകയോ ചെയ്യും. ചിലർക്ക് മോണയിൽ നിന്നും മൂക്കിൽ നിന്നും ലൈംഗികാവയവങ്ങളിൽ നിന്നോ രക്‌തം പോവാനും സാധ്യതയുണ്ട്. വൈറസിന്റെ ഇൻക്യുബേഷൻ സമയം രണ്ടു മുതൽ 21 ദിവസം വരെയാണ്. ടൈഫോയിഡ്, മലേറിയ എന്നിവയ്‌ക്ക് സമാനമായതിനാൽ ചിലരിൽ രോഗം തുടക്കത്തിൽ കണ്ടെത്താൻ പ്രയാസകരമായേക്കും.

പകരുന്ന രീതി

പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റിഗബാധിതരുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം പകരും.

marburg virus

ചികിൽസ

നിലവിൽ ഈ വൈറസിന് വാക്‌സിനുകളോ ആന്റിവൈറൽ ചികിൽസകളോ ലഭ്യമല്ല. സപ്പോർട്ടീവ് കെയർ വഴിയോ ഓറൽ അല്ലെങ്കിൽ ഇൻട്രാവണസ് ദ്രാവകങ്ങൾ ഉപയോഗിച്ചുള്ള റീഹൈഡ്രേഷൻ വഴിയോ പ്രത്യേക രോഗലക്ഷണങ്ങൾ അടിസ്‌ഥാനമാക്കിയുള്ള ചികിൽസ വഴിയോ വൈറസിനെ ചെറുത്തു നിർത്താം.

ജർമ്മനിയിലെ മാർബർഗിലെയും സെർബിയയിലെ ബെൽഗ്രിഡിലേയും ലബോറട്ടറികളിൽ ഒരേസമയം രോഗം സ്‌ഥിരീകരിച്ചതിന് ശേഷം, 1967ൽ ആണ് അപൂർവ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2004ൽ അംഗോളയിൽ രോഗം വ്യാപിച്ചപ്പോൾ ബാധിച്ച 252 പേരിൽ 90 ശതമാനം പേരും മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഘാനയിൽ രണ്ടു മാർബർഗ് മരണങ്ങളും റിപ്പോർട് ചെയ്‌തിരുന്നു.

Most Read: പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE