പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി

പുരുഷനായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി മാറിടങ്ങൾ നീക്കം ചെയ്‌തിരുന്ന സഹദ് കുഞ്ഞിന് മിൽക്ക് ബാങ്ക് വഴി മുലയൂട്ടും.

By Trainee Reporter, Malabar News
Sahad, who became a man, became a mother; Not changing the uterus helped
സഹദ് & സിയ (മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം)

കോഴിക്കോട്: ട്രാൻസ് പുരുഷൻ ഗർഭം ധരിച്ച വാർത്ത ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് ലോകം ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയക്കും സഹദിനും ജീവിതത്തിന് കൂട്ടായി ആ പുതിയ അതിഥി എത്തിയിരിക്കുന്നു.

ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മത്തൂർ സ്വദേശികളായ സിയ, സഹദ് എന്നിവർക്കാണ് കുഞ്ഞു പിറന്നത്. അതെ, ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് പിതാവായിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് സഹദ് കുഞ്ഞിന് ജൻമം നൽകിയത്. ‘സഹദും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന്റെ ലിംഗം ഇപ്പോൾ വെളിപ്പെടുത്താൻ താൽപര്യം ഇല്ല’ – സഹദിന്റെ പങ്കാളി സിയ പറഞ്ഞു.

‘കുഞ്ഞിന് മുലപ്പാൽ നൽകാൻ പറ്റില്ല. എന്നാൽ, മിൽക്ക് ബാങ്ക് വഴി മുലപ്പാൽ എത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കാമെന്നാണ് കരുതുന്നത് ‘ -സിയ വ്യക്‌തമാക്കി. സ്‌ത്രീയായി ജനിച്ചു പുരുഷനായി മാറിക്കൊണ്ടിരിക്കുന്ന വ്യക്‌തിയാണ്‌ സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ചു സ്‌ത്രീയായി മാറാനുള്ള ശ്രമത്തിനിടയിലുമാണ്.

മലപ്പുറം സ്വദേശിയും നർത്തകിയുമായ സിയയുടെ പങ്കാളി, സഹദ് തിരുവനന്തപുരം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റുമാണ്. കോഴിക്കോട്ടുള്ള ഒരു ട്രാൻസ് കമ്യൂണിറ്റിയിൽ താമസിക്കുമ്പോഴാണ് സഹദിന്റെ നമ്പർ കിട്ടുന്നതും ഇരുവരുടെയും പരിചയം പ്രണയത്തിലേക്ക് വഴിമാറുന്നതും വെല്ലുവിളികളെ അതിജീവിച്ച് ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതും.

Sahad, who became a man, became a mother; Not changing the uterus helped
സഹദ്, സിയ, (മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം)

ഇരുവരും ട്രാൻസ് വ്യക്‌തികൾ ആയെങ്കിലും ശരീരങ്ങൾ മാറ്റത്തിന്റെ വിവിധ ഘട്ടത്തിൽ ആണെന്നത് തിരിച്ചറിഞ്ഞതോടെയാണ് ഒരു കുഞ്ഞെന്ന സ്വപ്‌നം ഇരുവർക്കുമിടയിൽ കടന്നുകൂടിയത്. സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്‌റ്റ് റിമൂവലും ചെയ്‌തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടം എത്തിയപ്പോഴാണ് ഇരുവരും ഒരുനിമിഷം പകച്ചു നിന്നത്. സിയയാവട്ടെ ട്രാൻസ് സ്‌ത്രീയായി മാറാനുള്ള ശസ്‌ത്രക്രിയക്ക്‌ വിധേയയായിരുന്നുമില്ല. അതുകൊണ്ടു തന്നെ പുരുഷ ബീജത്തിന് കുറവുണ്ടായിരുന്നില്ല.

കുഞ്ഞിനെ ദത്തെടുക്കാൻ അന്വേഷിച്ചെങ്കിലും ട്രാൻസ്‌ജെൻഡർ പങ്കാളികൾക്ക് മുന്നിൽ നിയമനടപടികൾ ഉൾപ്പടെയുള്ള കടമ്പകൾ ഏറെയായിരുന്നു. തുടർന്നാണ് പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാമെന്ന ആശയത്തിൽ എത്തിച്ചേർന്നത്. ആളുകൾ എന്ത് പറയുമെന്ന ആശങ്കയിൽ ആദ്യം മടി തോന്നിയെന്ന് സഹദ് ഇതിന് മുൻപ് പറഞ്ഞിരുന്നു. ഒപ്പം ഒരിക്കൽ ഉപേക്ഷിച്ച സ്‌ത്രീത്വത്തിലേക്കുള്ള തിരിച്ചു പോക്കും ഏറെ വെല്ലുവിളികൾ നിറച്ചിരുന്നു.

Siya Paval Transgender
സിയ (സിയ പവൽ)

എന്നാൽ, സിയയുടെ സ്‌നേഹവും അമ്മയാകാനുള്ള അതിയായ ആഗ്രഹവും സഹദിന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ വിദഗ്‌ധ പരിശോധനകൾ നടത്തി. സഹദിന് ഗർഭം ധരിക്കാതിരിക്കാൻ മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിൽസ ആരംഭിച്ചത്.

സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. രണ്ടാമത്തെ ഗർഭധാരണമാണ് വിജയിച്ചത്. ആദ്യത്തേത് പരാജയപ്പെട്ടപ്പോൾ ഇരുവരും മാനസികമായി തകർന്നു പോയിരുന്നു. എന്നാൽ, രണ്ടാമത്തേത് വിജയിച്ചു. തുടർന്നുള്ള പത്ത് മാസം കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും.

Sahad, who became a man, became a mother; Not changing the uterus helped
സിയ നൃത്ത വേഷത്തിൽ

ജീവിതത്തിലെ ഏറെ കൈപ്പേറിയതും എന്നാൽ മധുരമുള്ളതുമായ നിമിഷങ്ങളോരോന്നും ഈ കാലഘട്ടത്തിലൂടെ ഇരുവരും അനുഭവിച്ചറിഞ്ഞു. ട്രാൻസ് പുരുഷൻ ഗർഭം ധരിച്ച വാർത്ത ഏറെ ചർച്ചകൾക്കും പരിഹാസത്തിനും ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ ഇവർക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ, നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നെല്ലാം വിടർന്നു വരുന്ന കുഞ്ഞു പുഞ്ചിരിയിലൂടെ ഉത്തരം നൽകാമെന്ന് ഇരുവരും മനസിലുറപ്പിച്ചു.

ഒടുവിൽ ഇന്ന് രാവിലെ സഹദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജൻമം നൽകി. സന്തോഷ വാർത്ത കേൾക്കാൻ മനസുരുകി, പ്രാർഥനയോടെ പുറത്ത് സിയയും ഉണ്ടായിരുന്നു. ഇരുവർക്കും ഇനി സന്തോഷത്തിന്റെ നാളുകളാണ്. പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും, സിയയെ അമ്മയെന്നും.

Siya and Sahad _ transgender couple
സിയയും സഹദും

ഇതുവരെ അനുഭവിച്ച വേദനകളുടെ മുറിവ് കുഞ്ഞു അതിഥിക്ക് മായ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുമുള്ളത്. കുഞ്ഞു വളർന്നു വരുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ഇരുവർക്കും ആകുലതകൾ ഉണ്ട്. എന്നാൽ, കുഞ്ഞു തങ്ങളെ മനസിലാക്കി ഒപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഹദും സിയയും. സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് ഇരുവരുടെയും അടുത്തലക്ഷ്യം. ഇതിനായി, സർക്കാരിന്റെ ഭാഗത്ത് നിന്നോ ട്രാൻസ് കമ്യൂണിറ്റിയുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Most Read: ‘വെടിക്കെട്ട്’ മികച്ച ചിത്രം; തകർക്കാൻ ശ്രമിക്കുന്നത് വേദനാജനകം; എൻഎം ബാദുഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE