സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

By Sports Desk , Malabar News
Ajwa Travels

ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു തന്നെ തുടരുന്നു. അര്‍ധ സെഞ്ച്വറി നേടിയ വില്യംസണ്‍ ഫോമിലേക്ക് ഉയര്‍ന്നത് എസ്ആര്‍എച്ചിന് തോല്‍വിയിലും ആശ്വാസമേകുന്ന ഒന്നായിരുന്നു.

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉയര്‍ത്തിയ 168 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തി ബാറ്റ് ചെയ്യാന്‍ പവര്‍പ്ലേയില്‍ അവസരം നല്‍കാതെയാണ് സിഎസ്‌കെ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.

13 പന്തില്‍ ഒമ്പതു റണ്‍സുമായി നിന്ന ഡേവിഡ് വാര്‍ണറെ പുറത്താക്കി സാം കറന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. നാലാം ഓവറിലെ മൂന്നാം പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ വാര്‍ണറെ പുറത്താക്കുമ്പോള്‍ എസ്ആര്‍എച്ച് സ്‌കോര്‍ 23 റണ്‍സ് മാത്രമായിരുന്നു. നാലാം ഓവറിലെ അവസാന പന്തില്‍ ഇല്ലാത്ത റണ്ണെടുക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി ബ്രാവോ ചെന്നൈക്ക് മുന്‍തൂക്കം നല്‍കി.

മൂന്ന് പന്തില്‍ നാലു റണ്‍സ് മാത്രമായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. പവര്‍ പ്ലേ കഴിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 40 റണ്‍സാണ് എസ്ആര്‍എച്ചിന് നേടാന്‍ കഴിഞ്ഞത്. 7.4 ഓവറില്‍ എസ്ആര്‍എച്ച് സ്‌കോര്‍ 50 കടന്നു.

സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ 24 പന്തില്‍ 23 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ക്ലീന്‍ ബൗള്‍ ചെയ്ത് ജഡേജ ചെന്നൈക്ക് വേണ്ടി ബ്രേക്ക് ത്രൂ നല്‍കി. 14.4 ഓവറില്‍ എസ്ആര്‍എച്ച് സ്‌കോര്‍ 99ല്‍ നില്‍ക്കെ കരണ്‍ ശര്‍മയെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച പ്രിയം ഗാര്‍ഗ് ജഡേജയുടെ കൈകളിലൊതുങ്ങി. 18 പന്തില്‍ 16 റണ്‍സെടുത്താണ് ഗാര്‍ഗ് പവലിയനിലേക്ക് മടങ്ങിയത്. 14.5 ഓവറില്‍ എസ്ആര്‍എച്ച് സ്‌കോര്‍ 100ല്‍ എത്തി.

16.4 ഓവറില്‍ സ്‌കോര്‍ 117ല്‍ നില്‍ക്കെ ബ്രാവോയുടെ ബോള്‍ ബൗണ്ടറിക്കു മുകളിലൂടെ അടിച്ചുപറത്താന്‍ ശ്രമിച്ച വിജയശങ്കര്‍ ജഡേജയുടെ കൈയിലൊതുങ്ങി. ഏഴു പന്തില്‍ നിന്ന് 12 റണ്‍സാണ് വിജയശങ്കര്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ബ്രാവോയെ ബൗണ്ടറി കടത്തി കെയ്ന്‍ വില്യംസണ്‍ ഈ സീസണിലെ തന്റെ ആദ്യ അര്‍ധശതകം കുറിച്ചു.

36 ബോളില്‍ നിന്നാണ് വില്യംസണ്‍ 50 റണ്‍സ് പിന്നിട്ടത്. 17.2ആം ഓവറില്‍ വില്യംസണെ ശാര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ച് എസ്ആര്‍എച്ചിന്റെ വിജയപ്രതീക്ഷകളെ കരണ്‍ ശര്‍മ തല്ലിക്കെടുത്തി. 39 പന്തില്‍ 57 റണ്‍സായിരുന്നു വില്യംസണിന്റെ സമ്പാദ്യം.

19ആം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാന്‍ എട്ട് പന്തില്‍ നിന്ന് 14 റണ്‍സുമായി പവലിയനിലേക്ക് മടങ്ങി. ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ റാഷിദ് ഹിറ്റ് വിക്കറ്റായി മടങ്ങുമ്പോള്‍ എസ്ആര്‍എച്ചിന് ജയിക്കാന്‍ ഒരോവറില്‍ 22 റണ്‍സ് വേണമായിരുന്നു. 20ആം ഓവറിലെ മൂന്നാം പന്തില്‍ ബ്രാവോക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി ഷഹബാസ് നദീം ഔട്ടായി.

അഞ്ചു പന്തില്‍ അഞ്ചു റണ്‍സുമായി നദീം മടങ്ങുമ്പോള്‍ എസ്ആര്‍എച്ച് സ്‌കോര്‍ 146 റണ്‍സ്. അവസാന ഓവറില്‍ എസ്ആര്‍എച്ചിന് നേടാനായത് കേവലം ഒരു റണ്‍ മാത്രം. സിഎസ്‌കെ ബൗളര്‍മാരായ കരണ്‍ ശര്‍മയും ബ്രാവോയും രണ്ട് വിക്കറ്റ് വീതവും സാം കറന്‍, ജഡേജ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയാണ് ഇന്നത്തെ കളിയിലെ താരം.

Most Read: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ പിടിമുറുകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE