അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും, പരീക്ഷണങ്ങളിൽ ആടിയുലയാതെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ തലൈവനായ ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി.
15ആം ഓവറിലെ അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ പന്ത് ഫോറടിച്ചു അഹമ്മദാബാദിൽ സിഎസ്‌കെയുടെ വിജയം ഉറപ്പിച്ചത് രവീന്ദ്ര ജഡേജയാണ്. ടൈറ്റൻസിനെതിരായ വിജയം കേവലം അഞ്ചു വിക്കറ്റുകൾക്ക് മാത്രം. ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ, മുംബൈ ഇന്ത്യൻസിന് ഒപ്പമെത്തി.
25 പന്തിൽ 47 റൺസ് എടുത്ത ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ചു ശിവം ദുബെ (21 പന്തിൽ 32), രവീന്ദ്ര ജഡേജ (ആറ് പന്തിൽ 15), എന്നിവരുടെ പോരാട്ടവും നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്‌സ് മൂന്നാം പന്ത് നേരിട്ടതിന് പിന്നാലെയാണ് മഴ വില്ലനായി എത്തിയത്. രണ്ടു മണിക്കൂറിനും 20 മിനിറ്റിനും ശേഷം വീണ്ടും കളി തുടങ്ങി.
മഴ നിയമപ്രകാരം, ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസാക്കി. മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്‌ക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 റൺസ് ഋതുരാജ് ഗെയ്‌ക്‌വാദും ഡെവോൺ കോൺവെയും ചേർന്ന കൂട്ടുകെട്ട് പടുത്തുയർത്തി. 16 പന്തുകളിൽ 26 റൺസ് എടുത്ത ഗെയ്‌ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റഷീദ് ഖാൻ ക്യാച്ചെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ പുറത്താക്കി നൂർ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്.
സ്‌കോർ 117ൽ നിൽക്കെ അജിൻക്യ രഹാനയെ (13 പന്തിൽ 27) മോഹിത് ശർമ മടക്കി. മോഹിത് എറിഞ്ഞ 13ആം ഓവറിൽ അംബാട്ടി റായുഡുവും ക്യാപ്റ്റൻ എംഎസ് ധോണിയും ഉറത്തായതോടെ ചെന്നൈ സമ്മർദ്ദത്തിലാക്കി. ധോണിയുടെ ബാറ്റിംഗ് കാണാനെത്തിയ ആരാധകരും നിരാശരായി. അവസാന ഓവറിൽ ചെന്നൈയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്ന് പന്തുകളിൽ ഓരോ റൺസ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്‌സർ പുറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉയർന്നു. മോഹിത് ശർമ ലോ ഫുൾ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയം ഉറപ്പിച്ചു.
ടോസ് നഷ്‌ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 214 റൺസ്. സെഞ്ചുറി നഷ്‌ടമായ തമിഴ്‌നാടിന്റെ യുവതാരം സായ് സുദർശനാണ് ഗുജറാത്തിനായി തിളങ്ങിയത്. 47 പന്തുകൾ നേരിട്ട സായ് സുദർശൻ 96 റൺസ് എടുത്തു. 39 പന്തിൽ 54 റൺസ് എടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി അർധസെഞ്ചുറി നേടി.
Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ