അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ളേ ഓഫ് കാണാതെ പുറത്തായി. ശുഭമാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് ടീം പരാജയപ്പെട്ടത്.
തോൽവിക്ക് പിന്നാലെ സ്ളോ ഓവർ റേറ്റിന്റെ പേരിൽ ടീമിന് വലിയ പിഴയും ഐപിഎൽ ഗവേണിങ് കൗൺസിൽ വിധിച്ചു. നായകൻ ഋതുരാജ് ഗെയ്‌ക്വാദിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ സ്ളോ ഓവർ റേറ്റ് കുറ്റമായതിനാൽ, ഇംമ്പാക്‌ട് പ്ളെയർ അടക്കമുള്ള ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും ആറുലക്ഷം രൂപയും അല്ലെങ്കിൽ മാച്ച് ഫീസിന്റെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകേണ്ടി വരും.
മൽസരത്തിൽ 230 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്‌ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി.
17 പന്തിൽ 47 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ബാറ്റിങ്ങിൽ അൽപ്പമെങ്കിലും പോരാട്ടം നടത്തിയത്. മറ്റാർക്കും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിയാതിരുന്നതോടെ ചെന്നൈയുടെ ഇന്നിങ്സ് നേരത്തെ അവസാനിച്ചിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

































