മുട്ടിൽ മരംമുറി; ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർക്ക് സ്‌ഥലംമാറ്റം

By Desk Reporter, Malabar News
Muttil Wood-Smuggling

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻടി സാജനെ സ്‌ഥലംമാറ്റി. കോഴിക്കോട് നിന്നും കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായാണ് സ്‌ഥലം മാറ്റിയത്. സാജനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ നിലനില്‍ക്കെയാണ് സ്‌ഥലംമാറ്റം.

സാജനെ സസ്‌പെൻഡ്‌ ചെയ്യണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റർ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ശുപാര്‍ശ. എന്നാല്‍ ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോർട്ടില്‍ വ്യക്‌തതയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 28ന് മുഖ്യമന്ത്രി വനം വകുപ്പിന് റിപ്പോർട് മടക്കി നല്‍കിയിരുന്നു.

മുട്ടില്‍ മരംമുറിയില്‍ അഗസ്‌റ്റിന്‍ സഹോദരങ്ങള്‍ക്ക് എതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാന്‍ വ്യാജ റിപ്പോർട് ഉണ്ടാക്കി എന്നാണ് സാജനെതിരെയുള്ള ആരോപണം. റേഞ്ച് ഓഫിസർ സാജനെതിരെ പരാതി നൽകുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇതുകൊണ്ട് മാത്രം ഐഎഫ്എസ് കേഡറിലെ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്യാനാവില്ലെന്നും കൂടുതല്‍ വ്യക്‌തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി റിപ്പോർട് തിരിച്ചയച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് സാജന്റെ പങ്ക് തെളിയുന്ന പക്ഷം മാത്രമേ സസ്‌പെൻഷൻ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാജന്‍ കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകും എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. റിപ്പോർട്ടില്‍ വ്യക്‌തത വരുത്തി ഉടന്‍ മുഖ്യമന്ത്രിക്ക് തിരിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ റിപ്പോർട് ഒരാഴ്‌ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തുമെന്ന സൂചനക്ക് പിന്നാലെയാണ് സാജനെ സ്‌ഥലം മാറ്റിയിരിക്കുന്നത്.

Most Read:  സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം; സബ്‌സിഡി ആവശ്യപ്പെട്ട് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE