മലപ്പുറം: ഇസ്ലാമേതര ശബ്ദം സാധിക്കാത്ത ഭീതി മലപ്പുറം ജില്ലയിലുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്താവനയിൽ ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്ന് എസ്വൈഎസ് ആവശ്യപ്പെട്ടു. എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പുറത്തിറക്കിയ പത്ര കുറിപ്പിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ജില്ലയിലെ ഇസ്ലാമേതര മത വിഭാഗങ്ങള്‍ ശബ്ദമുയര്‍ത്താന്‍ പോലും സാധിക്കാത്ത വിധം കടുത്ത ഭീതിയിലാണെന്നും അടിച്ചമര്‍ത്തി വച്ചിരിക്കുകയാണെന്നും കിരാതമായ ഈ അവസ്ഥയാണ് മലപ്പുറം ജില്ലയുടെ സമാധാന നിറവായി പ്രചരിപ്പിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന ജാതി-മത ഭേദമന്യേ സൗഹാര്‍ദത്തില്‍ കഴിയുന്ന ജില്ലയിലെ മുഴുവന്‍ ജനതയെയും അപമാനിക്കുന്നതാണ്; എസ്വൈഎസ് ഈസ്ററ് ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.
പരസ്പര ബഹുമാനത്തിന്റെ പ്രതീകങ്ങളായി തൊട്ടുരുമ്മി നില്ക്കുന്ന ആരാധനലായങ്ങളും സ്നേഹം നിറഞ്ഞ പങ്കാളിത്തം വഹിക്കുന്ന ആഘോഷങ്ങളും മുഖമുദ്രയായ ജില്ലയെ കുറിച്ച് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച ജില്ലാ സെക്രട്ടറിയേറ്റിൽ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ഉൽഘാടകനായത്. ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ എന്നിവർ സംബന്ധിച്ചു.
കൂടാതെ, കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്ദുല്ല മൗലവി വണ്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റർ, എംപി മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍,ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, ഒകെഎം കുട്ടി ഉമരി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, കെകെ അമാനുല്ല ദാരിമി, പികെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവരും ജില്ലാ സെക്രട്ടറിയേറ്റിൽ സംബന്ധിച്ചു.
Most Read: പരാജയപ്പെട്ടവർ തലകുനിക്കരുത്; അവരും വിപണിയുടെ ചാലക ശക്തിയാണ്; മലബാർ ബിസിനസ് ക്ളബ്