മലപ്പുറം: പൗരൻമാർക്കിടയില്‍ വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കരുതെന്നും ഇന്ത്യയിലെ സ്വസ്‌ഥതതയും സുരക്ഷിതത്വവും തകരാതെ നോക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ‘സ്വതന്ത്ര ഭാരത സംരക്ഷണ വലയം’ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
കാലങ്ങളായി രാജ്യത്ത് നിലനിന്ന വിദേശ ഭരണത്തില്‍ പൊറുതിമുട്ടിയാണ് പൂർവീകർ സമര രംഗത്തിറങ്ങിയതെന്നും സ്വസ്‌ഥതയും സുരക്ഷിതത്വവും നിലനില്‍ക്കുന്ന ഇന്ത്യയെ തകരാതെ നോക്കിയാൽ മാത്രമേ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള കൃതജ്‌ഞത ശരിയായ അർഥത്തിൽ നിറവേറ്റാൻ കഴിയുകയുള്ളൂ എന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കുന്നതും വര്‍ഗീയതയും വംശവെറിയും ഉത്തേജിപ്പിക്കാന്‍ അനുകൂലമായ നടപടികൾ ഉണ്ടാകുന്നതും ജീവാര്‍പ്പണം നടത്തി സമരം ചെയ്‌ത രക്‌തസാക്ഷികളെയും പോരാളികളെയും നിര്‍ദ്ദാക്ഷിണ്യം അവഹേളിക്കുന്നതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംരക്ഷണ വലയം പരിപാടിയില്‍ സമസ്‌ത ജില്ലാ പ്രസിഡണ്ട് എ.ടി അബ്‌ദുല്ല മുസ്‌ലിയാർ, ഡോ. എംപി അബ്‌ദുസമദ് സമദാനി, എസ്‌വൈഎസ് സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്‌ഥാന സെക്രട്ടറി അബ്‌ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Most Read: യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്