കാൺപൂർ: രവിചന്ദ്രൻ അശ്വിന്റെയും, രവീന്ദ്ര ജഡേജയുടെയും ആക്രമണോൽസുകത വകവെക്കാതെ പൊരുതിയ ന്യൂസിലൻഡിന്റെ നിശ്‌ചയദാർഢ്യത്തിന് മുൻപിൽ വഴങ്ങിക്കൊടുത്ത് ഇന്ത്യ. ഒരു ടി-20 മൽസരത്തിന്റെ ആവേശം നിറഞ്ഞ ടെസ്‌റ്റിൽ കിവീസിന് വേണ്ടി അരങ്ങേറ്റക്കാരൻ രച്ചിൻ രവീന്ദ്ര 91 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നതോടെ ആദ്യ ടെസ്‌റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് സമനില.
ലോകോത്തര സ്‌പിന്നർമാരെ സധൈര്യം നേരിട്ട് വിക്കറ്റ് കാത്തു സൂക്ഷിച്ച രവീന്ദ്ര ന്യൂസിലൻഡിനെ അക്ഷരാർഥത്തിൽ തോൽവിയിൽ നിന്നും രക്ഷിക്കുകയായിരുന്നു. കൂട്ടിന് അവസാന ബാറ്ററായ അജാസ് പട്ടേൽ കൂടി ചെറുത്ത് നിന്നതോടെ ഇന്ത്യക്ക് വിജയം തൊട്ടടുത്ത് വച്ച് നഷ്‌ടമായി. രണ്ടാം ഇന്നിംഗ്‌സിൽ 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 9 വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസ് എടുത്ത് നിൽക്കെ കളി അവസാനിച്ചു.
മൽസരം സമനിലയിലായതോടെ മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്‌റ്റിൽ ജയിക്കുന്നവർ പരമ്പരയിൽ മുന്നിലെത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സിൽ 65 റൺസിന്റെ തകർപ്പൻ ബാറ്റിംഗിലൂടെ ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റുകയും ചെയ്‌ത അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യരുടെ പ്രകടനം സന്തോഷം നൽകുന്നതാണ്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ബുമ്ര തുടങ്ങിയ മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
Read Also: ‘സിബിഐ 5’; കുറ്റാന്വേഷണ കഥയുടെ പുതിയ അധ്യായം ആരംഭിച്ചു